kannur local

മൂലക്കീല്‍ തണ്ണീര്‍ തടത്തിലെ കണ്ടല്‍വനം വെട്ടിനശിപ്പിച്ചു

പഴയങ്ങാടി: മാടായി ചെമ്പല്ലിക്കുണ്ട് റെയില്‍വെ മേല്‍പാലത്തിനു സമീപം മൂലക്കീല്‍ പ്രദേശത്ത് രണ്ട് ഏക്കറോളം കണ്ടല്‍വനം വെട്ടിനശിപ്പിച്ചു. സ്വകാര്യ ചെമ്മീന്‍കണ്ടി ഉടമയുടെ നേതൃത്വത്തിലാണ് സ്ഥലം കയ്യേറി വനങ്ങള്‍ നശിപ്പിച്ചത്. റവന്യൂവകുപ്പ് തണ്ണീര്‍തടമായി പ്രഖ്യാപിച്ച സ്ഥലമാണ് ചെമ്പല്ലിക്കുണ്ട്. മുപ്പത് വര്‍ഷത്തോളം പ്രായമുള്ള കണ്ടല്‍വനങ്ങളാണ് വെട്ടിനശിപ്പിച്ചത്. പ്രദേശത്തെ വായനശാലയുടെ ഉദ്ഘാടനവും കലാപരിപാടികളും നടക്കുന്ന സമയത്താണ് യന്ത്രം ഉപയോഗിച്ച് കണ്ടല്‍വനം നശിപ്പിച്ചത്. സ്ഥലത്ത് ചെമ്മീന്‍കണ്ടി തുടങ്ങാനുള്ള പദ്ധതി നടപ്പാക്കാനായി നേരത്തെ ആസൂത്രണം ചെയ്ത് ഉന്നതരുടെ ഒത്താശയോടെയാണ് കണ്ടല്‍ വെട്ടി നശിപ്പിച്ചത്. ചെമ്മീന്‍കണ്ടി നടത്താന്‍ നിയമപരമായ എതിര്‍പ്പുകള്‍ മറികടക്കനാണ് പ്രവൃത്തിയുടെ ഭാഗമായി കാടുകള്‍ നശിപ്പിച്ചത്. എല്ലാ കാലാവസ്ഥയിലും ദേശാടന കിളികളെത്തുന്ന കേരളത്തിലെ അപൂര്‍വം സ്ഥലങ്ങളിലൊന്നാണ് ചെമ്പല്ലിക്കുണ്ട് തണ്ണീര്‍തടം. കണ്ടല്‍വനവും തണ്ണീര്‍തടവും ഉള്‍പെടുന്ന ചെമ്പല്ലിക്കുണ്ട് പ്രദേശം പക്ഷിസങ്കേതവും അപൂര്‍വ സസ്യങ്ങളുടെയും മല്‍സ്യങ്ങളുടെയും ആവാസ കേന്ദ്രമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ ചിറയും മഞ്ചയും നേരത്തെ സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് പ്രദേശത്തെ അഞ്ച് ഏക്കറോളം കൈപ്പാട് കൃഷി ഉപയോഗശൂന്യമാക്കിയിരുന്നു. ചെമ്മീന്‍കണ്ടിക്ക് വേണ്ടി ബാക്കിയുള്ള കൃഷി സ്ഥലം കൂടി ഉപ്പുവെള്ളം കയറി നശിക്കാന്‍ സാധ്യതയുള്ളതിനാലും പരിസ്ഥിതി സംരക്ഷണ മേഖല നിലനിര്‍ത്തുന്നതിനും കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രദേവാസികള്‍ ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ക്ക് പരാതി നല്‍കി. കണ്ടല്‍വനം വെട്ടിമാറ്റിയതോടെ വെങ്ങര, മൂലക്കീല്‍ പ്രദേശത്തെ കൃഷി സ്ഥലങ്ങളിലും ജലസ്‌ത്രോതസ്സുകളിലും ഉപ്പുവെള്ളം കയറുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it