Alappuzha local

മൂലം ജലോല്‍സവം: നടുഭാഗം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫിയില്‍ മുത്തമിട്ടു

എടത്വ: ഇക്കൊല്ലത്തെ മൂലം ജലോല്‍സവത്തില്‍ നടുഭാഗം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫിയില്‍ മുത്തമിട്ടു. ആവേശം വാനോളമുയര്‍ന്ന ഫൈനലില്‍ കുര്യന്‍ ജോസഫ് മണത്തറ പടനയിച്ച നടുഭാഗം ചുണ്ടന്‍, പേരുകേട്ട കൈനകരി യുബിസിയുടെ ചമ്പക്കുളം ചുണ്ടനെയാണ് തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളിയത്.  ശിവപ്രസാദ് കൊച്ചുകയ്യത്തറയായിരുന്നു ചമ്പക്കുളത്തിന്റെ ക്യാപ്റ്റന്‍.
എസിപി ഗോപാലനാചാരി കാപ്റ്റനായ കേരള പോലിസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതിലിനാണ് മൂന്നാം സ്ഥാനം. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ ജിഫി ഫെലിക്‌സിന്റെ നേതൃത്വത്തില്‍ കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ശ്രീവിനായകന്‍ ഒന്നാമതെത്തി. സെന്റ് ജോര്‍ജും, ചെറുതനയും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.  വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ പള്ളാത്തുരുത്തി എംബ്രോസ് ബോട്ട് ക്ലബ്ബിന്റെ ഷോട്ട് പുളിക്കത്തറ ജേതാക്കളായി. ജോണ്‍ അലക്‌സ് വാളക്കുഴിയായിരുന്നു ക്യാപ്റ്റന്‍. എടത്വ സെന്റ് ജോര്‍ജ് ബോട്ട്ക്ലബ്ബിന്റെ മണലി രണ്ടാമതായി ഫിനിഷ് ചെയ്തു.
എഗ്രേഡ് ഓടി വള്ളങ്ങളുടെ മല്‍സരത്തില്‍ അര്‍ജുന്‍ എം സത്യന്‍ കുമരകം നയിച്ച സമുദ്ര ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറയായിരുന്നു ജേതാവ്.  തിരുവവാറന്‍മുള പാര്‍ത്ഥസാരഥി ബോട്ട്ക്ലബ്ബിന്റെ പടക്കുതിരയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത്.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ മങ്കൊമ്പ് സെന്റ് പയസ് ടെന്‍ത് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചിറമേല്‍ തോട്ടുകടവിലാണ് ജേതാവായത്.  ജാക്‌സണ്‍ സ്റ്റീഫന്‍ കുരുവിളയായിരുന്നു ടീം ക്യാപ്റ്റന്‍.  രണ്ടാം സ്ഥാനത്തായി പുന്നത്ര പുരയ്ക്കല്‍ ഫിനിഷ് ചെയ്തു. ഓടി ബി ഗ്രേഡ് വള്ളങ്ങളുടെ മല്‍സരത്തില്‍ ഫാ. മാര്‍ട്ടിന്റെ നേതൃത്വത്തില്‍  എസ്എച്ച്ബിസി കൈനകരി തുഴഞ്ഞ താണിയന്‍ ട്രോഫി നേടി. ഡാനിയേലിനായിരുന്നു ഈയിനത്തില്‍ രണ്ടാം സ്ഥാനം. നേരത്തെ  കലക്ടര്‍ എസ് സുഹാസ് പതാകയുയര്‍ത്തിയതോടെ ജലമേളയ്ക്ക് തുടക്കമായി. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ ശ്രീപ്രസാദ് നായര്‍, ചമ്പക്കുളം കല്ലൂര്‍ക്കാട് ബെസിലിക്ക റെക്ടര്‍ ഫാ. എബ്രഹാം കാടാത്തുകളം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. അഡ്വ. പ്രതിഭാഹരി എംഎല്‍എ., സബ്കലക്ടര്‍ വിആര്‍ കൃഷ്ണ തേജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പോളി തോമസ്, ലൈല രാജു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് മാത്യു പഞ്ഞിമരം, ഡി മഞ്ജു, എം കെ ചാക്കോ, ജനൂപ് പുഷ്പാകരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it