kozhikode local

മൂരാട് പുതിയ പാലം: കാത്തിരിപ്പിന് അറുതിയില്ല

വടകര: ജില്ലയിലെ വടകര-കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മൂരാട് പാലം അപകട ഭീഷണിയിലായിട്ട് വര്‍ഷം 26 കഴിഞ്ഞു. മൂരാട് പാലം പൊളിച്ച് പുതിയ പാലം പണിയാന്‍ ദേശീയപാത 66 ആറുവരിയാക്കുന്ന പദ്ധതിക്കായി അധികൃതര്‍ കാത്തിരിക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ നെഞ്ചിടിപ്പിനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്.
പുതിയ പാലത്തിനായി പറയുന്ന സാങ്കേതിക തടസ്സങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും അംഗീകരിക്കില്ലെന്ന ഉറച്ച മനസ്സോടെയാണ് നാട്ടുകാര്‍ക്കും വിവിധ മോട്ടോര്‍വാഹന യൂനിയനുകള്‍ക്കും. വലിയ സുരക്ഷാ പ്രശ്‌നത്തോടൊപ്പം മനസ്സിനെ മുരടിപ്പിക്കുന്ന ഗതാഗത തടസ്സവും നേരിടാന്‍ തുടങ്ങിയതോടെ മൂരാട് നിലവിലെ പാലം ശാപമായി മാറിയിരിക്കുകയാണ്. 1940ല്‍ ബ്രിട്ടീഷുകാരാണ് 145 മീറ്റര്‍ നീളത്തിലുള്ള പാലം നിര്‍മിച്ചത്. അഞ്ചര മീറ്റര്‍ വീതിയുള്ള പാലം 26 വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞിരുന്നു. നിലവില്‍ പാലത്തിന്റെ അടിഭാഗവും മറ്റും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാലത്തിന്റെ പ്രതലം ദുര്‍ബലമാണെന്ന് പല തവണ റിപോര്‍ട്ട് ചെയ്തിട്ടും പൊട്ടിപ്പൊളിയുന്ന ഭാഗം താല്‍ക്കാലിക പ്രവൃത്തി ചെയ്യാറാണ് പതിവ്. കന്യാകുമാരി മുതല്‍ പനവേല്‍ വരെ നീണ്ടുകിടക്കുന്ന ദേശീയപാത 66ന്റെ പ്രശ്‌നമായി മൂരാട് പാലം മാറിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 50 കോടി പാലത്തിനായി അനുവദിച്ചിട്ടും ദേശീയപാത ആറുവരിയാക്കുന്ന കേന്ദ്രപദ്ധതിയുടെ കാര്യത്തി ല്‍ തീരുമാനമാകാതെ പാലം നിര്‍മിക്കാനാവില്ലെന്ന സങ്കേതിക പ്രശ്‌നമാണ് വന്നിരിക്കുന്നത്. ഏഴു മീറ്റര്‍ വീതിയിലുള്ള പാതയില്‍ അഞ്ചര മീറ്റര്‍ വീതീയിലുള്ള പാലമുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം മണിക്കുറൂകള്‍ നീളുന്ന ഗതാഗതകുരുക്കാണ്.
ചില സമയങ്ങളില്‍ ആംബുലന്‍സുകളുടെ കാര്യമാണ് ഏറെ പരിതാപകരം. ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചിലില്‍ മൂരാട് പാലമെത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് രോഗികളേക്കാള്‍ കൂടുതല്‍ നെഞ്ചിടിപ്പാണ്്.
അതേസമയം ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ പാലത്തിന്റെ രണ്ടുവശത്തെയും റോഡ് വീതി കൂട്ടാനുള്ള പദ്ധതി വീണ്ടും ടെന്‍ഡര്‍ നടപടി കഴിഞ്ഞ ജനുവരിയില്‍ ചെയ്തിരുന്നു. നേരത്തെ ഒരു തവണ ടെന്‍ഡര്‍ ചെയ്‌തെങ്കിലും ആരും കരാറെടുക്കാനുണ്ടിയിരുന്നില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വീണ്ടും ടെന്‍ഡര്‍ ചെയ്തത്. ഇരുവശത്തെും റോഡ് 100 മീറ്ററോളം നീളത്തില്‍ മൂന്നു വരിയാക്കി വീതികൂ്ട്ടി വാഹനഗതാഗതം ക്രമീകരിക്കാനാണ് പദ്ധതി. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാല്‍ 15 ദിവസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആ ടെന്‍ഡര്‍ നടപടിയുമായി ബന്ധപ്പെട്ട് പിന്നീട് ഒരു നീക്ക് പോക്കും നടന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. 26 വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞിട്ടും പുതിയ പാലം നിര്‍മിക്കാത്തതില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്‌നം സമന്വയത്തിലെത്തിച്ച് പുതിയ പാലം നിര്‍മ്മിക്കാനുള്ള നടപടിയിലാണ് പൊതുമരാമത്ത് ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it