kozhikode local

മൂരാട് പാലത്തില്‍ അനുഭവപ്പെടുന്നത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്

വടകര : സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതിലൂടെ കടത്തനാടിന് ലഭിച്ച മൂരാട് പാലത്തിന്റെ ശോചനാവസ്ഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കം. ദേശീയ പാതയില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമുള്ള പാലമെന്ന ബഹുമതിയിയും മൂരാട് പാലത്തിന് സ്വന്തമാണ്.
പാലത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന അധികൃതരുടെ കെടുകാര്യസ്ഥിതി കാരണം ബുദ്ധിമുട്ടുന്നത് ഇതിലൂടെ ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് യാത്രക്കാരാണ്. പാലത്തിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങളുടെ യാത്രകള്‍ ചില സമയങ്ങളിലുണ്ടാക്കുന്നത് മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്ക്.
കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ രണ്ട് വലിയ ബസ്സുകള്‍ ഒരേസമയം യാത്ര ചെയ്തത് കാരണം അനുഭവപ്പെട്ട ഗതാഗതകുരുക്ക് രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. ഒരു ടൂറിസ്റ്റ് ബസ്സും, കോഴിക്കോടേക്ക് പോകുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സും ഒരേ സമയം പാലത്തിലേക്ക് പ്രവേശിച്ചതാണ് വന്‍ ഗതാഗതകുരുക്കിന് കാരണമായത്.
ഇതോടെ രണ്ട് ഭാഗത്തേക്കും വാഹനങ്ങള്‍ കടക്കാന്‍ പറ്റാതായതോടെ പാലത്തിന്റെ വടക്ക് പാലോളിപ്പാലം വരെയും, തെക്ക് ഇരിങ്ങല്‍ വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മാത്രമല്ല ഇതിലൂടെ കടന്നുപോയിരുന്ന പത്തോളം ആംബുലന്‍സുകളും കുരുക്കില്‍ പെടുകയുണ്ടായി. വളരെയധികം പണിപെട്ടാണ് ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ കഴിഞ്ഞത്. ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം പാലത്തിന്റെ പ്രവേശന കവാടത്തില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ചില സമയങ്ങളില്‍ ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരും നോക്കുകുത്തികളാവുന്ന കാഴ്ചയാണ് കാണുന്നത്. ട്രാഫിക് സംവിധാനം ഒരുക്കുന്നതിന് ഒരു പോലീസും, ഒരു ഹോംഗാര്‍ഡിനെയുമാണ് മൂരാട് പാലത്തില്‍ സാധാരണയായി കാണാറുള്ളത്.
പക്ഷെ പലപ്പോഴും ഇവരുടെ നിര്‍ദ്ദേശങ്ങള്‍ വാഹനങ്ങളും അനുസരിക്കില്ലെന്ന പരാതി പോലീസുകാരും പറയുന്നു.കാലപ്പഴക്കം ചെന്ന ഈ പാലത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ പാലം നിര്‍മ്മിക്കാനുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ഈ ആവശ്യമുന്നയിച്ച് കൊണ്ട് പ്രതിഷേധ പരിപാടികളും നാട്ടുകാര്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ പാലം നിര്‍മ്മിക്കുന്നത് പോയിട്ട് പാലത്തിലെ റോഡ് പുനരുജ്ജീവിപ്പിക്കാന്‍ പോലും അധകൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it