kozhikode local

മൂപ്ലിവണ്ട് ശല്യം: ആരോഗ്യവകുപ്പ് പരിശോധന നടത്തി



നാദാപുരം: വാണിമേല്‍ ഗ്രാമ പ്പഞ്ചായത്തിലെ നെടുംപറമ്പ് പായിക്കുണ്ടില്‍ പാലയില്‍ ഷാജിയുടെ വീട്ടിലേക്ക് കൂട്ടമായെത്തി വീട്ടുകാരെ ദുരിതത്തിലാഴ്ത്തിയത് മൂപ്ലി വണ്ടുകള്‍. ഏപ്രില്‍ മെയ് മാസങ്ങളില്‍ റബ്ബര്‍ തോട്ടങ്ങളില്‍ കാണുന്ന ഒരിനം വണ്ടുകളാണ് മൂപ്ലി വണ്ടുകള്‍ അഥവാ കോട്ടെരുമ.ഓല പുരകള്‍ക്കിടയിലും ഓട് പാകിയ കെട്ടിടങ്ങള്‍ക്കിടയിലും നിറഞ്ഞ് നില്‍ക്കുന്ന ഈ ജീവികള്‍ ഓട് വണ്ട്, ഓല ചാത്തന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. റബ്ബര്‍ തോട്ടങ്ങളിലെ കരി ഇലകള്‍ക്കിടയില്‍ വളരുകയും പെറ്റു പെരുകി മഴക്കാലത്തിന് മുമ്പേ സമീപത്തെ വീടുകളിലും മറ്റും താവളമാക്കുകയാണ് പതിവ്. ഈ വണ്ടുകള്‍ സ്വരക്ഷക്കായി ഉല്‍പാദിപ്പിക്കുന്ന സ്രവമാണ് പൊള്ളലിനിടയാക്കുന്നത്. ഈ സ്രവത്തിന്റെ ഗന്ധം നേത്ര രോഗത്തിനും ശ്വാസം മുട്ടലിനും ഇടയാക്കും. വണ്ടിന്റെ കടുത്ത ശല്യം കാരണം ആറ് ദിവസത്തിലേറെ ഷാജിയും കുടുംബവും വീട് വിട്ടൊഴിഞ്ഞ് ബന്ധുവീട്ടില്‍ കഴിഞ്ഞിരുന്നു. ഇതിനിടയില്‍ മകള്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടതോടെ വീണ്ടും വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. വണ്ടുകളുടെ ശല്യം കാരണം ഷാജിയുടെ കുടുംബം  വീടൊഴിയുകയും ചെയ്തിരുന്നു. മകള്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ട് വീട്ടില്‍ ചികില്‍സയിലായതിനാല്‍ വണ്ടിനെ അകറ്റാനുളള പ്രതിരോധ മരുന്ന് ഉപയോഗിക്കാന്‍ തല്‍ക്കാലം കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.
Next Story

RELATED STORIES

Share it