Alappuzha local

മൂന്ന് വര്‍ഷത്തിനുശേഷം പ്രതികള്‍ പിടിയില്‍

ഹരിപ്പാട്: കൊലപാതകശ്രമത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ക്രിമിനല്‍ കേസ് പ്രതി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആനാരി ഗിരിജാഭവനത്തില്‍ (നിലവിലെ മേല്‍വിലാസം താമരക്കുളം, കണ്ണനാകുഴി അനീഷ് ഭവനം)അനീഷ് (ശാസ്താമുറി അനീഷ് 33), ആനാരി ഉചലപുഴ വീട്ടില്‍ സഹോദരങ്ങളായ മാനവവേദ വിഷ്ണു (മാനവന്‍23), അനന്ദു (21) എന്നിവരാണ് അറസ്റ്റിലായത്.
2015 മെയ് 14ന് രാത്രി 8.15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുലാംപറമ്പ് സ്വദേശി സുമേഷിനെ ഹരിപ്പാട് തുക്കയില്‍ ക്ഷേത്രത്തിന് സമീപം വെച്ച് ബൈക്കിലെത്തി തടഞ്ഞു നിര്‍ത്തി വെട്ടി പരിക്കേല്‍പ്പിച്ചെന്നായിരുന്നു കേസ്. മൊഴി രേഖപ്പെടുത്തി കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ സുമേഷിനെ ഭീഷണിപ്പെടുത്തുകയും നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും കാട്ടി അനീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നും പൊലിസ് പറഞ്ഞു.
ഹൈക്കോടതി പ്രതിയെ രൂക്ഷമായി വിമര്‍ശിക്കുകയും പൊലീസിനോട് നടപടി തുടരാന്‍ ഉത്തരവ് ഇടുകയും ചെയ്തു. അന്നത്തെ ഹരിപ്പാട് സി ഐക്ക് അന്വേഷണ ചുമതലയും നല്‍കി. എന്നാല്‍ കേസ് അന്വേഷണം എങ്ങും എത്തിയില്ല. ഇപ്പോഴത്തെ സി.ഐ ടി മനോജ് തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍ പരിശോധിച്ച് വരവെ ഈ കേസ് ശ്രദ്ധയില്‍പെടുകയും അന്വേഷണം പുനരാരംഭിക്കുകയുമായിരുന്നു.
മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച അനീഷിനെ കരിമുളയ്ക്കല്‍ ഭാഗത്തുനിന്നും, മറ്റ് രണ്ടുപേരെ ആനാരി ഭാഗത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. അനീഷ് നാല് കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതിയാണ്. രണ്ട് തവണ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it