Kollam Local

മൂന്ന് വര്‍ഷത്തിനുള്ളില്‍ നഗരത്തെ പേവിഷ മുക്തമാക്കും: മേയര്‍ രാജേന്ദ്രബാബു

കൊല്ലം: പൊതുജനങ്ങളും വളര്‍ത്തുനായ് സ്‌നേഹികളും സഹകരിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊല്ലം നഗരത്തെ പേവിഷമുക്തമാക്കുമെന്ന് മേയര്‍ അഡ്വ.വി രാജേന്ദ്രബാബു പറഞ്ഞു. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് അങ്കണത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ പേവിഷവിമുക്ത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സായി ഓര്‍ഫനേജ് ട്രസ്റ്റുമായിച്ചേര്‍ന്നാണ് കൊല്ലത്ത് പദ്ധതി നടപ്പാക്കുന്നത്. പേവിഷബാധയേറ്റ് വര്‍ഷത്തില്‍ 8 മുതല്‍ 10 വരെ മരണങ്ങള്‍ പ്രതിവര്‍ഷം കൊല്ലത്ത് സംഭവിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തെരുവുനായ്ക്കള്‍ക്ക് ജനന നിയന്ത്രണശസ്ത്രക്രിയയും വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷപ്രതിരോധകുത്തിവയ്പും ലൈസന്‍സും നല്‍കും.  ശസ്ത്രക്രിയകള്‍ക്കായി അഞ്ചാലുംമൂട് മൃഗാശുപത്രിയോടനുബന്ധിച്ച് സ്ഥിരം കേന്ദ്രം ആരംഭിച്ചു കഴിഞ്ഞതായി മേയര്‍ പറഞ്ഞു. കൊല്ലം കോര്‍പ്പറേഷന്‍ ഉള്‍പ്പെടുന്ന പുന്തലത്താഴം, ഇരവിപുരം, മങ്ങാട്, അഞ്ചാലുംമൂട്, കൊല്ലം, ശക്തികുളങ്ങര എന്നിങ്ങനെ 55 ഓളം ഡിവിഷനുകളിലായി 9000 ത്തോളം തെരുവുനായ്ക്കളുണ്ട്. 3200 ഓളം വളര്‍ത്തുനായ്ക്കളും . സര്‍വ്വേ, ബോധവല്‍കരണം, പ്രതിരോധകുത്തിവയ്പുകള്‍, നായ്ക്കളുടെ ജനനനിയന്ത്രണശസ്ത്രക്രിയകള്‍ എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള പേവിഷ നിര്‍മാര്‍ജ്ജനത്തിനായി കൊല്ലം കോര്‍പ്പറേഷന്‍  19,55,000 രൂപയുടെ പദ്ധതി ഒരുക്കിയിട്ടുണ്ട്.  നഗരത്തിന്റെ 55 ഓളം ഡിവിഷനുകളില്‍ പ്രതിരോധകുത്തിവയ്പുകള്‍ നായ്ക്കള്‍ക്ക് നല്കുവാന്‍ 5 മൃഗാശുപത്രികളും ജില്ലാ വെറ്ററിനറി കേന്ദ്രവും നേരിട്ട് മേല്‍നോട്ടം നല്കും. പേവിഷ്പ്രതിരോധവാക്‌സിനുകള്‍ സര്‍ക്കാര്‍ സൗജന്യനിരക്കിലാണ് നല്‍കുക. നായൊന്നിന് പ്രതിരോധകുത്തിവയ്പിനായി ഉടമ 10 രൂപ മുടക്കേണ്ടിവരും. പ്രതിരോധകുത്തിവയ്പിനു ശേഷം വളര്‍ത്തുനായ്ക്കള്‍ക്കുള്ള ലൈസന്‍സ് നല്‍കാനും പദ്ധതിയുണ്ട്. കൊല്ലം കോര്‍പ്പറേഷനാണ് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുക. ഓരോ ഡിവിഷനിലും മുന്നറിയിപ്പുകള്‍ നല്‍കി പ്രത്യേക കേന്ദ്രങ്ങളില്‍ വച്ചായിരിക്കും കുത്തിവയ്പുകള്‍ നല്‍കുക. ഇതിനായി ഓരോയിടത്തും മൃഗസംരക്ഷണവരുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന 12 ഓളം സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. വികസനസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംഎ സത്താര്‍ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി ഷൈന്‍കുമാര്‍ പദ്ധതി അവതരണം നടത്തി. കൗണ്‍സിലര്‍മാരായ ചിന്തഎല്‍സജിത്ത്, എസ് ജയന്‍, എന്‍ മോഹനന്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.കെ കെ. തോമസ്, ഡോ. എസ് പ്രിയ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it