മൂന്ന് ലോകകപ്പ് കിരീടം; നേട്ടം പെലെയ്ക്കു മാത്രം

സ്വന്തംകാല്‍പ്പന്തുകളിയുടെ പര്യായനാമമാണു പെലെ എന്ന ഇതിഹാസ താരം. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഈ ഒരൊറ്റ കളിക്കാരനേയുള്ളൂ. മറ്റൊരു കളിക്കാരനും അദ്ദേഹത്തിന്റെ ഗോള്‍ നേട്ടത്തിന്റെ അടുത്തു പോലുമില്ല. 1367 മല്‍സരങ്ങളില്‍ നിന്നായി 1283 ഗോളുകള്‍. ഇതില്‍ ബ്രസീലിനായി നേടിയത് 92 മല്‍സരങ്ങളില്‍ 77 ഗോളുകള്‍. 1958 മുതല്‍ 1970 വരെയുള്ള നാലു ലോകകപ്പ് മല്‍സരങ്ങളില്‍ 14 കളികളില്‍ നിന്ന് 12 ഗോളുകള്‍.
1958ല്‍ സ്വീഡന്‍ ആതിഥേയരായ ആറാമതു ലോകകപ്പിലാണ് പെലെയെന്ന ഇതിഹാസ താരത്തിന്റെ ഉദയം. ആദ്യ ലോകകപ്പില്‍ തന്നെ പെലെ സ്വന്തമാക്കിയത് മൂന്ന് ബഹുമതികളായിരുന്നു. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഫൈനലില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നിങ്ങനെ.
1962ലെ ചിലി ലോകകപ്പും പെലെയുടേതായിരുന്നു. അന്ന് ലോകത്ത് അറിയപ്പെടുന്ന ഏറ്റവും വിലപിടിപ്പുള്ളതും പ്രശസ്തനുമായ ഫുട്‌ബോള്‍ താരം. ബ്രസീലിനെതിരേയായിരുന്നില്ല, അന്ന് പെലെയ്‌ക്കെതിരേയായിരുന്നു എതിര്‍ ടീം കളിച്ചിരുന്നത്. പെലെയെ പൂട്ടിയാല്‍ ബ്രസീല്‍ തീര്‍ന്നു എന്നായിരുന്നു അവസ്ഥ. ആ ലോകകപ്പില്‍ മെക്‌സിക്കോയ്‌ക്കെതിരായ മല്‍സരത്തില്‍ ആറു ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് മിന്നല്‍വേഗത്തില്‍ നേടിയ അസാധാരണമായ ഗോള്‍ ഫുട്‌ബോള്‍ ചരിത്രം മറക്കില്ല. എന്നാല്‍ ചെക്കോസ്ലോവാക്കിയയുമായുള്ള അടുത്ത മല്‍സരത്തില്‍ പെലെക്കു പരിക്കേറ്റു. ടൂര്‍ണമെന്റിലെ ബാക്കി മല്‍സരങ്ങള്‍ നഷ്ടമായി. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ തിളങ്ങിയ ഗരിഞ്ചയുടെ മികവില്‍ ബ്രസീല്‍ കിരീടമണിഞ്ഞു.
1966ലെ ഇംഗ്ലണ്ട് ലോകകപ്പ് പെലെയെ സംബന്ധിച്ചു നിരാശയുടേതായിരുന്നു. തുടരെത്തുടരെ ഫൗളുകള്‍ക്ക് ഇരയായ പെലെയ്ക്കു പരിക്കേറ്റു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കളിക്കാനുമായില്ല. ബ്രസീലിന് ലോകകപ്പ് ഹാട്രിക് നഷ്ടം. അതിനു ശേഷം ഇനി ലോകകപ്പ് കളിക്കില്ലെന്ന് പെലെ ഉറപ്പിച്ചു.
1970 ലോകകപ്പ്. കളിക്കില്ലെന്ന നിശ്ചയത്തില്‍ പെലെ. അതോടെ ബ്രസീല്‍ ഒന്നടങ്കം ഉണര്‍ന്നു. പെലെയോടു കളിക്കണമെന്ന അപേക്ഷയുമായി ഓരോ ബ്രസീല്‍ പൗരനും രംഗത്തെത്തി. അതോടെ പെലെയ്ക്ക് തീരുമാനം മാറ്റേണ്ടി വന്നു. 1970ലെ ബ്രസീല്‍ ടീം ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച ടീമായാണ് കണക്കാക്കുന്നത്. അക്ഷരാര്‍ഥത്തില്‍ അത് പെലെയുടെ ലോകകപ്പായിരുന്നു.
Next Story

RELATED STORIES

Share it