Kollam Local

മൂന്ന് പേര്‍ക്ക് പരിക്ക്; മൂന്ന് പേരെ കാണാതായി

ചവറ: നീണ്ടകരയില്‍ നിന്നും മല്‍സ്യ ബന്ധനത്തിനിടെ കാണാതായ വള്ളങ്ങളില്‍ എട്ട് വള്ളം കരയ്‌ക്കെത്തി. മൂന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂന്ന് പേരെ കാണാതായി. നീണ്ടകരയില്‍ നിന്നും കാണാതായ 22 വള്ളങ്ങളില്‍ പെട്ടതാണ് തിരിച്ചെത്തിയത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ് മേരീസ് വള്ളത്തിലെ തൊഴിലാളികളായ മൂന്ന് പേരാണ് പരിക്കേറ്റ് അവശരായി നീണ്ടകരയിലെത്തിയത്. ഇവരെ കോസ്റ്റല്‍ പോലിസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളെ കഴിഞ്ഞ ദിവസം മറ്റൊരു വള്ളത്തില്‍ കരയിലേക്ക് കയറ്റി വിട്ടിരുന്നു. കനത്ത മഴയിലും കാറ്റിലും മറിഞ്ഞ വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ കാണാതായതായും രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ പറഞ്ഞു. നിത്യസഹായ മാതാ, കാല്‍വരി നാഥന്‍ എന്നീ വള്ളങ്ങളും ഇന്നലെ കരയ്‌ക്കെത്തി.   പൂവാര്‍, നീരാടില്‍, തിരുവനന്തപുരം സ്വദേശികളായ സക്കറിയാസ്, ടൈറ്റസ്, സതീഷ്, കെന്നഡി എന്നിവരാണ് രക്ഷപ്പെട്ടെത്തിയത്. തിങ്കളാഴ്ച കടലില്‍ പോയ നീരാടില്‍ സ്വദേശിയായ ചാര്‍ലിയുടെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ വള്ളവും കാറ്റിലും കോളിലും കടലില്‍ കറങ്ങി നടന്നെങ്കിലും ഇന്നലെ 4.30 ഓടെ കരയെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടാണ് വള്ളം കരയിലെത്തിച്ചത്. പൊഴിയൂര്‍, നീരോടില്‍, മാര്‍ത്താണ്ഡത്തുറ സ്വദേഴികളായ ചാര്‍ലി (52) പക്രാസ് (52 ) പീറ്റര്‍ (55) ജസ്റ്റിന്‍ ( 37) ക്രിസ്തു ദാസ് (55) എന്നിവരാണ് രക്ഷപ്പെട്ടെത്തിയത്. മൂന്ന് ദിവസം മുഴുവന്‍ വള്ളങ്ങള്‍ കടലിലുണ്ടെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. പടിഞ്ഞാറോട്ട് ശക്തമായി കാറ്റ് വീശുന്നതിനാല്‍ കരയിലേക്ക് വരാനാകാത്ത സ്ഥിതിയാണ്. ദിശമാറി ഒഴുകുമെന്ന ഭയത്തില്‍ ഒന്നിച്ച് കെട്ടിയിട്ട നിലയിലും വള്ളങ്ങളുണ്ടെന്നും പല വള്ളങ്ങളും ഇന്ധനം തീര്‍ന്ന അവസ്ഥയിലാണന്നും  കരയിലെത്തിയവര്‍ പറഞ്ഞു. ഇവര്‍ രാത്രി വൈകിയും കരയിലെത്തുമെന്ന പ്രതീക്ഷയിലാണ് കോസ്റ്റല്‍ പോലിസും, തീരവാസികളും. രാത്രി വൈകിയെത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് മതിയായ സൗകര്യം ഒരുക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ കാര്‍ത്തികേയനും കമ്മിഷണര്‍ അജിതാ ബീഗവും നല്‍കി.
Next Story

RELATED STORIES

Share it