മൂന്ന് ദിവസത്തിനകം അനുമതി നല്‍കണം

കൊച്ചി: പ്രളയത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വിതരണം ചെയ്യാനായി മൂന്ന് ദിവസത്തിനകം അനുമതി നല്‍കണമെന്ന് ഹൈക്കോടതി. ദുരിതാശ്വാസത്തിന്റെ ഭാഗമായി വിദേശങ്ങളില്‍ നിന്ന് സംഭാവനയായി എത്തുന്ന വസ്തുക്കള്‍ ശേഖരിക്കാനും സമയബന്ധിതമായി അര്‍ഹരില്‍ എത്തിക്കാനും സംവിധാനം വേണെമന്നാവശ്യപ്പെട്ട് മിഷന്‍ കോഴിക്കോട് എന്ന സംഘടനയും അനില്‍ സെബാസ്റ്റ്യന്‍ എന്ന വ്യക്തിയും നല്‍കിയ ഹരജികളിലാണ് കോടതി ഉത്തരവ്.
ഇറക്കുമതി ചെയ്യുന്നവരുടെ സാധനങ്ങളുടെ സാക്ഷ്യപ്പെടുത്തലിനും അനുമതിക്കും ക്ലിയറന്‍സിനും വേണ്ടി ദിവസങ്ങള്‍ പാഴാക്കരുത്. സാഹചര്യത്തിന്റെ അടിയന്തരാവസ്ഥ പരിഗണിച്ച് തീരുമാനമെടുക്കണം. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വിതരണത്തിനും നികുതിയിളവിനും മറ്റുമായി സാക്ഷ്യപ്പെടുത്താനുള്ള അധികാരിയെ എത്രയും വേഗം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്ത് ചുമതലപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വിതരണത്തിനും നികുതിയിളവിനുമായി ഇറക്കുമതി ചെയ്തയാള്‍ അപേക്ഷ നല്‍കിയാല്‍ അനുമതിക്ക് ആവശ്യമായ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ ചുമതലപ്പെട്ട അധികാരി സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരിനാണ് അപേക്ഷ ലഭിക്കുന്നതെങ്കില്‍ ദുരിതമേഖലയില്‍ വിതരണത്തിനു കൊണ്ടുവന്ന സാധനങ്ങളാണെന്നു വ്യക്തമാക്കി ഇറക്കുമതിക്കാരന്‍ നല്‍കുന്ന സാക്ഷ്യപത്രം പരിഗണിച്ച് എത്രയും വേഗം അംഗീകൃത വിതരണ ഏജന്‍സി എന്ന നിലയില്‍ അനുമതി നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ നികുതിയിളവ് ലഭ്യമാക്കാനും ഇറക്കുമതിക്കാരന് അര്‍ഹതയുണ്ടാവും. സാധനങ്ങള്‍ വിതരണം ചെയ്യേണ്ട ചുമതല ജില്ലാ ഭരണകൂടത്തിനാണെങ്കിലും ഇറക്കുമതിക്കാരന്‍ നല്‍കുന്ന സാധനങ്ങളുടെ വിതരണത്തിന് അദ്ദേഹം നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍ഗണന നല്‍കണം. വിതരണത്തിനായി അവരുടെ പങ്കാളിത്തം അനുവദിക്കണം.
സംഭാവന നല്‍കാനുദ്ദേശിക്കുന്നവര്‍ക്ക് അംഗീകാരമുള്ള ഏജന്‍സികളെ കണ്ടെത്താനും ദുരിതാശ്വാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അര്‍ഹരായവര്‍ക്കെല്ലാം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ഇതു സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it