Idukki local

മൂന്ന് ചെയിന്‍ മേഖലയിലും പട്ടയം : വൈദ്യുതി റവന്യൂ വകുപ്പുകള്‍ യോജിച്ച് നടപടിയെടുക്കും



ഇടുക്കി: പത്തുചെയിന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന മൂന്ന് ചെയിന്‍ പ്രദേശത്തും പട്ടയം നല്‍കുന്നതു സംബന്ധിച്ച് വൈദ്യുതി, റവന്യൂ വകുപ്പുകള്‍ യോജിച്ച് കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമായി സംസാരിച്ചതായും കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ പറഞ്ഞു. പദ്ധതിയുടെ നിര്‍മാണഘട്ടത്തില്‍ വൈദ്യുത വകുപ്പിന്റെ ആവശ്യങ്ങള്‍ക്കായി  ൈവദ്യുത വകുപ്പിലേക്ക് കൈമാറിയിട്ടുള്ളതാണ് പത്തു ചെയിന്‍ പ്രദേശങ്ങള്‍. വൈദ്യുതി വകുപ്പിന് ആവശ്യമില്ലാത്ത പ്രദേശങ്ങള്‍ റവന്യൂ വകുപ്പിലേക്ക് കൈമാറിയാല്‍ മാത്രമെ പട്ടയം നല്‍കാനാവൂ. ഇത് സംബന്ധിച്ച് വൈദ്യുതി-റവന്യൂ വകുപ്പുകള്‍ യോജിച്ച് തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പത്തുചെയിന്‍ മേഖലയില്‍ മുഴുവന്‍ കൈവശ ഭൂമിക്കും പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളുടെ ഭാഗമായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടേയും ജില്ലാ പ്രസിഡന്റ് പ്രൊഫ. എം. ജെ ജേക്കബിന്റേയും നേതൃത്വത്തില്‍ ജില്ലയിലെ പാര്‍ട്ടി ഭാരവാഹികള്‍ റവന്യൂ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. പത്തുചെയിന്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടേയും കൈവശ ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കണം. പീരുമേട് ടി കമ്പനിയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിലകൊടുത്ത് വാങ്ങിയതും പോക്കുവരവുകള്‍ നടത്തി കരം അടച്ചുകൊണ്ടിരുന്നതുമായ 338 മുതലുള്ള ആറ് സര്‍വ്വേ നമ്പരുകളില്‍ കരം അടയ്ക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഉത്തരവ് പിന്‍വലിക്കണം. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് മൂലം ഭൂമി ക്രയവിക്രയം നടത്തുന്നതിനും കരമടക്കുന്നതിനുമുള്‍പ്പെടെ സാധ്യമല്ലാതായിരിക്കുകയാണ്. ജില്ലയില്‍ നില നില്‍ക്കുന്ന ഇത്തരം ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മന്ത്രിക്ക്് നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 19 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പത്തുചെയിന്‍ മേഖലയില്‍ മൂന്ന് ചെയിന്‍ വിട്ട് പട്ടയം നല്‍കുന്നതിന് തീരുമാനമെടുത്തത്. എന്നാല്‍ നാലുപതിറ്റാണ്ടിലേറെയായി കൃഷി ചെയ്തു വരുന്നതുമായ കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) സമരത്തിനിറങ്ങിയത്. വൈദ്യുത വകുപ്പിന് ആവശ്യമുള്ള സ്ഥലങ്ങള്‍  ജണ്ടയിട്ട് വേര്‍തിരിച്ചിട്ടുള്ളതാണ്. ജണ്ടക്കു പുറത്തുള്ള സ്ഥലങ്ങള്‍ കര്‍ഷകരുടെ കൈവശത്തിലുള്ള കൃഷി ഭൂമിയാണ്. അഡ്വ. അലക്‌സ് കോഴിമല, പ്രൊഫ. കെ.ഐ ആന്റണി, അഡ്വ. ജോസഫ് ജോണ്‍, റെജി കുന്നംകോട്ട്, ജിന്‍സണ്‍ വര്‍ക്കി, സജി.പി. വര്‍ഗ്ഗീസ്, ടി.പി മല്‍ക്ക, ഷിജോ തടത്തില്‍, ബെന്നി പ്ലാക്കൂട്ടം, തുടങ്ങിയവരും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it