മൂന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൂറുമാറി

ലണ്ടന്‍: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസെര്‍ച്ച് ആന്റ് അനാലിസിസ് വിങില്‍(റോ)നിന്നു മൂന്നുദ്യോഗസ്ഥര്‍ ഒരു പടിഞ്ഞാറന്‍ രാജ്യത്തേക്ക് കൂറുമാറിയതായി റിപോര്‍ട്ട്. മനപ്പൂര്‍വം അപ്രത്യക്ഷരായ അവര്‍ ഇപ്പോള്‍ ഒരു പടിഞ്ഞാറന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി സൂചനകളുണ്ടെന്ന് ദ സണ്‍ഡേ ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു.
അപ്രത്യക്ഷരായ മൂന്നു പേരില്‍, റോയില്‍ ഉന്നതപദവി വഹിച്ചിരുന്ന ഒരാള്‍ നേരത്തേ തന്നെ കുടുംബത്തോടെ ഈ രാജ്യത്തേക്കു മാറിയതായും പത്രം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു മാസങ്ങളിലായാണ് ഇവരെ കാണാതായിരിക്കുന്നത്.
റോയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇവരില്‍ രണ്ടുപേര്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഒരാള്‍ പൂര്‍വേഷ്യന്‍ രാജ്യവും കൈകാര്യം ചെയ്യുകയായിരുന്നു. ഏറെക്കാലമായി ഇവര്‍ പാശ്ചാത്യരാജ്യത്തിനായി ചാരപ്രവൃത്തി നടത്തുകയായിരുന്നെന്നും അപ്രത്യക്ഷമാവുന്നതിനു മുമ്പ് സുപ്രധാന വിവരങ്ങള്‍ കൈമാറിയതായും പത്രം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് ആദ്യമായല്ല ഇത്തരം കൂറുമാറ്റമുണ്ടാവുന്നത്. 1968ല്‍ ഏജന്‍സി സ്ഥാപിക്കപ്പെട്ടതുമുതല്‍ ഔദ്യോഗിക കണക്കു പ്രകാരം ഒമ്പതു തവണ കൂറുമാറ്റം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ കൂറു മാറുന്നവരെ പിന്നീട് കണ്ടെത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റു രാജ്യത്തെത്തിക്കഴിഞ്ഞാല്‍ അവര്‍ പുതിയ പേരും തിരിച്ചറിയല്‍ രേഖകളും നേടുന്നതാണ് ഇതിനു കാരണം.
Next Story

RELATED STORIES

Share it