kannur local

മൂന്ന് ആര്‍എസ്എസുകാര്‍ കൂടി അറസ്റ്റില്‍

തളിപ്പറമ്പ്: തൃച്ചംബരത്ത് എസ്എഫ്‌ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആലത്തട്ട് സ്വദേശികളായ കെ ശരത്ത് കുമാര്‍(20), പി വി അക്ഷയ്(22), എം വി അതുല്‍(20) എന്നിവരാണ് പിടിയിലായത്. ചെറുകുന്ന് ഒതയമ്മാടം സ്വദേശി ബിനീഷിനെ പിടികൂടാനുണ്ട്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗദള്‍ പയ്യന്നൂര്‍ ജില്ലാ സമ്പര്‍ക്ക പ്രമുഖായ ബസ് കണ്ടക്്ടര്‍ മുറിയത്തോട് സ്വദേശിയും ഇപ്പോള്‍ വെള്ളാവില്‍ താമസക്കാരനുമായ കെ വി രാകേഷ്(29), മുള്ളൂല്‍ സ്വദേശി എം ജയന്‍(34), കൂവേരി ആലത്തട്ട് സ്വദേശികളായ പി അക്ഷയ് എന്ന അച്ചു(21), പി അജേഷ് എന്ന അജു(20) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെ ഡ്രീംപാലസ് ഓഡിറ്റോറിയത്തു വച്ചാണ് എസ്എഫ്‌ഐ തളിപ്പറമ്പ് കോ-ഓപറേറ്റീവ് കോളജ് യൂനിറ്റ് ജോയിന്റ് സെക്രട്ടറി കിരണി(19)നെയും കൂടെയുണ്ടായിരുന്ന കീഴാറ്റൂരിലെ പി ധീരജ് (18), കോള്‍മൊട്ട സ്വദേശികളായ ഇ അര്‍ജുന്‍(19), കെ പി അശ്വന്ത്(19) എന്നിവരെയും  ആക്രമിച്ചത്. കുത്തേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഉല്‍സവം കാണാനെത്തിയ കിരണും സുഹൃത്തുക്കളും നടന്നുപോവുന്നതിനിടെ നിസാര പ്രശ്‌നത്തിന്റെ മറവില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഘത്തിലെ ജയന്‍ എന്നയാള്‍ പ്രത്യേകതരം എസ് കത്തി ഉപയോഗിച്ചാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. അല്‍പംകൂടി സ്ഥാനം മാറിയിരുന്നുവെങ്കില്‍ മരണം പോലും സംഭവിക്കാന്‍ സാധ്യതയുള്ള വിധത്തില്‍ മാരകമായി മുറിവേറ്റിരുന്നു.
ഒരുഭാഗം ഈര്‍ച്ചവാളിന് സമാനമാക്കിയും കൈയില്‍ നിന്ന് തെറിച്ചുപോവാതിരിക്കാന്‍ പിടിയുമുള്ള വിധത്തിലുള്ളതാണ് കത്തിയെന്നും പോലിസ് വെളിപ്പെടുത്തി. ഉല്‍സവ സുരക്ഷയ്ക്കായി സേവാസമിതി പ്രദേശത്ത് സ്ഥാപിച്ച സിസിടിവി കാമറയിലെ ദൃശ്യങ്ങളില്‍നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് ഡിവൈഎസ്പി  കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it