മൂന്നു സേനകളെയും ഒരുമിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നു സേനാവിഭാഗങ്ങളെയും ഒറ്റ കമാന്‍ഡിനു കീഴിലാക്കാനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. കര-നാവിക-വ്യോമസേനകളെ ഒറ്റ കമാന്‍ഡിനു കീഴില്‍ കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്.
ഇതിനായി സൈനിക കമാന്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ പുതിയ ചട്ടങ്ങളും വ്യവസ്ഥകളും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. സൈന്യങ്ങളുടെ ആയുധശേഷിയും അംഗബലവും അടിസ്ഥാന സൗകര്യങ്ങളും മൂന്നു നക്ഷത്ര പദവിയുള്ള സൈനിക ജനറലിന്റെ കീഴിലാക്കിയേക്കും.
നിലവില്‍ വ്യത്യസ്ത സേനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്ത ചട്ടങ്ങളാണുള്ളത്. ഇതിനു പകരമായി മൂന്നു സേനാംഗങ്ങള്‍ക്കും ഒന്നിച്ച് സൈനിക നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും നിയമ ഭേദഗതി. ഇന്ത്യയുടെ സൈനിക സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഭേദഗതി കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. 2001 മുതല്‍ ആന്തമാന്‍-നിക്കോബാര്‍ ദ്വീപില്‍ ഇത്തരത്തില്‍ ഒറ്റകമാന്‍ഡിനു കീഴിലാണ് സൈന്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, വിവിധ സൈനിക വിഭാഗങ്ങളുടെ വ്യവസ്ഥകളിലും ചട്ടങ്ങളിലുമുള്ള വ്യത്യാസം മൂലം ഈ കമാന്‍ഡിന് ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ണമായി നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്നാണ് കേന്ദ്രം നിയമ ഭേദഗതിക്ക് ഒരുങ്ങുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നാകും കമാന്‍ഡിന്റെ തലവന്‍ അറിയപ്പെടുക.
Next Story

RELATED STORIES

Share it