മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി തോല്‍ക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് ബിജെപിക്കു ഭരണം നഷ്ടപ്പെടുമെന്ന് അഭിപ്രായ സര്‍വേ. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്.
മധ്യപ്രദേശില്‍ ആകെയുള്ള 230ല്‍ 122 സീറ്റും നേടി കോണ്‍ഗ്രസ് തനിച്ചു ഭരിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബിജെപിക്ക് ഇവിടെ 108 സീറ്റേ ലഭിക്കൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 165 സീറ്റ് നേടിയാണ് മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 58 സീറ്റിലും മറ്റുള്ളവര്‍ 7 സീറ്റിലുമാണ് ഇവിടെ ജയിച്ചത്. നവംബര്‍ 28നാണ് മധ്യപ്രദേശിലെ വോട്ടെടുപ്പ്.
ഛത്തീസ്ഗഡില്‍ 90ല്‍ 47 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുകയെന്ന് സര്‍വേ അഭിപ്രായപ്പെട്ടു. ബിജെപിക്ക് 41 സീറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റും. 2013ല്‍ ഇവിടെ ബിജെപി 49 സീറ്റും കോണ്‍ഗ്രസ് 39 സീറ്റുമാണ് നേടിയത്. ഛത്തീസ്ഗഡില്‍ നവംബര്‍ 12നും 20നും രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാജസ്ഥാനിലെ 200 സീറ്റില്‍ 142 എണ്ണം നേടി കോണ്‍ഗ്രസ് ഗംഭീര വിജയം കൈവരിക്കുമെന്നാണ് പ്രവചനം. 2013ല്‍ 163 സീറ്റ് നേടി അധികാരത്തിലെത്തിയ ബിജെപി 56 സീറ്റിലേക്ക് ഒതുങ്ങും. ബാക്കി രണ്ടു സീറ്റ് മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ഡിസംബര്‍ ഏഴിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്കെതിരായ ജനവികാരമാണ് കോണ്‍ഗ്രസ്സിന്റെ അനുകൂല ഘടകമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ കോണ്‍ഗ്രസ്സിന് 21 സീറ്റ് മാത്രമാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാനില്‍ മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ കോണ്‍ഗ്രസ്സിന്റെ സചിന്‍ പൈലറ്റാണെന്നാണ് കൂടുതല്‍ ആളുകള്‍ അഭിപ്രായപ്പെട്ടത്.
തൊഴിലില്ലായ്മ, കുടിവെള്ളപ്രശ്‌നം, റോഡ് വികസനം, കാര്‍ഷികം തുടങ്ങിയ ജനകീയ വിഷയങ്ങളാണ് ഈ മൂന്നിടത്തും തിരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കുകയെന്നും സര്‍വേ പറയുന്നു.

Next Story

RELATED STORIES

Share it