മൂന്നു വര്‍ഷം; ഇഡി കണ്ടുകെട്ടിയത് 33,500 കോടിയുടെ സ്വത്തുക്കള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 33,500 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. ഇക്കാലയളവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 390ലധികം കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചുവെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
മൂന്നു വര്‍ഷത്തിലധികം ഇഡിയുടെ ഡയറക്ടറായിരുന്ന് കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞ കര്‍ണല്‍ സിങിന്റെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
2015 മുതല്‍ 33,563 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. 2005 മുതല്‍ 2015 വരെയുള്ള 10 വര്‍ഷം കേവലം 9,003 കോടിയും ഇത്തരത്തില്‍ പിടിച്ചെടുത്തു. ഇവയുമായി ബന്ധപ്പെട്ട കേസുകളില്‍ 173 കുറ്റപത്രങ്ങളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. 2015 വരെയുള്ള 10 വര്‍ഷത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (എഫ്ഇഎംഎ) പ്രകാരവും എടുത്തിട്ടുണ്ട്. 2015 ആഗസ്തില്‍ ഇഡി ഡയറക്ടറായി സ്ഥാനമേറ്റ കര്‍ണല്‍ സിങ്, അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയടക്കം വിവിധ അഴിമതിക്കേസുകള്‍ അന്വേഷിച്ചു.
കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, മകന്‍ കാര്‍ത്തി എന്നിവര്‍ പ്രതിചേര്‍ക്കപ്പെട്ട പണമിടപാട് കേസും രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുത്ത് രാജ്യം വിട്ട വിജയ് മല്യ, മെഹുല്‍ ചോക്‌സി, ടുജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതി തുടങ്ങി രാജ്യത്തെ പിടിച്ചുകുലുക്കിയ വന്‍ രാഷ്ട്രീയ അഴിമതികളും കര്‍ണല്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.

Next Story

RELATED STORIES

Share it