kannur local

മൂന്നു ലോഡ് മണലും ലോറിയും പിടികൂടി

ഇരിട്ടി: ജില്ലയില്‍ മണല്‍ വാരലിന് നിയന്ത്രണം നിലനില്‍ക്കെ പഴശ്ശി പദ്ധതി പ്രദേശത്ത് വന്‍ മണല്‍ക്കൊള്ള. പഴശ്ശി പദ്ധതിയോട് ചേര്‍ന്ന് വളപട്ടണം പുഴയുടെ ഭാഗമായ കുയിലൂര്‍ പുഴയില്‍ നിന്നാണ് വന്‍തോതില്‍ മണല്‍കൊള്ള നടക്കുന്നത്. മണലെടുപ്പിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് മണല്‍ ലോബികള്‍ കീശയിലാക്കുന്നത്.
പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ അടച്ചതോടെ പുഴയില്‍ അടിഞ്ഞുകൂടിയ മണല്‍ വാരി കടത്തുന്നത് ചില സംഘങ്ങള്‍ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുകയാണ്. രാപകല്‍ വ്യത്യാസമില്ലാതെ പദ്ധതി പ്രദേശത്തെ വിവിധ കടവുകളില്‍ രാത്രികാലങ്ങളില്‍ തോണിയും ചങ്ങാടവും ഉപയോഗിച്ചാണ് മണല്‍ വാരുന്നത്.
പദ്ധതിയോട് ചേര്‍ന്ന വെളിയമ്പ്ര പൂക്കുണ്ടില്‍ നിന്നു വാരി പുഴക്കരയില്‍ സൂക്ഷിച്ച മൂന്ന് ലോഡ് മണല്‍ മട്ടന്നൂര്‍ എസ്‌ഐ കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് പിടികൂടി. മണല്‍ കയറ്റിയ ലോറിയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ മണല്‍ നിര്‍മിതി കേന്ദ്രത്തിനു കൈമാറി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് നിര്‍മിതി കേന്ദ്രം മണല്‍ നല്‍കിയത്.
മൂന്നു മാസത്തിനിടെ പൂക്കുണ്ടില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി മട്ടന്നൂര്‍ പോലിസ് 40 ലോഡ് മണലാണ് പിടികൂടിയത്.
കൂടാതെ മൂന്ന് ലോറികളും പിടിച്ചെടുത്തിരുന്നു. മണല്‍ വേട്ടയ്ക്കായി റവന്യു വകുപ്പ് ഇ-മണല്‍ സ്‌ക്വാഡ് എന്ന പേരില്‍ പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ടെങ്കിലും മണല്‍ കടത്തിന് കുറവൊന്നും ഉണ്ടായിട്ടില്ല. മണല്‍വാരല്‍ കേന്ദ്രങ്ങളില്‍ നിന്നു വിദൂര സ്ഥലങ്ങളില്‍ സൂക്ഷിക്കുന്ന മണല്‍ വാരല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രാത്രികാലങ്ങളിലാണ് കൊള്ള. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെയാണ് മണല്‍ വാരല്‍ ശക്തമായത്.
കഴിഞ്ഞ ഒരുമാസത്തിനിടെ ഇരിട്ടി മേഖലയില്‍ നിന്നു റവന്യു വകുപ്പും പോലിസും ചേര്‍ന്ന് നിരവധി ലോഡ് മണലാണ് പിടിച്ചെടുത്തത്. കൊള്ള നടത്തുന്നതിന്റെ 10 ശതമാനം പോലും പിടിക്കപ്പെടുന്നില്ല.
രാത്രി ഏഴുമണിമുതല്‍ തോണിയും ചങ്ങാടവും ഉപയോഗിച്ച് ശേഖരിക്കുന്ന മണല്‍ അര്‍ദ്ധരാത്രിക്ക് ശേഷവും പുലര്‍ച്ചെയുമാണ് കടവുകളില്‍ ലോറിയെത്തിച്ച് കടത്തിക്കൊണ്ടുപോവുന്നത്. 100 അടി മണലിന് 8,000 രൂപ വരെയാണ് ഈടാക്കുന്നത്. ഏറെക്കാലമായി മണലിനു വേണ്ടി കാത്തിരിക്കുന്നവരാണ് മണല്‍ ലോബികളുടെ തീവെട്ടിക്കൊള്ളയ്ക്ക് ഇരയാവുന്നത്.
Next Story

RELATED STORIES

Share it