Flash News

മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും: മന്ത്രി കെ ടി ജലീല്‍



തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളിന്‍മേല്‍ സത്വര നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഇതിനായി മൂന്നു മാസത്തിലൊരിക്കല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും. കെട്ടിക്കിടക്കുന്ന എല്ലാ പരാതികള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ച ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുവരെ തദ്ദേശസ്വയംഭരണ വകുപ്പില്‍ ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകള്‍ കൈകാര്യം ചെയ്തിരുന്നത് ഒരു ചീഫ് രജിസ്ട്രാര്‍ ആയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം വിവാഹ രജിസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നതിനു മാത്രം ഒരു ചീഫ് രജിസ്ട്രാറെ കൂടി നിയമിച്ചു. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതില്‍ ഉണ്ടാവുന്ന വീഴ്ചകളാണ് പലപ്പോഴും അപേക്ഷകള്‍ പരിഹാരമാവാതെ കെട്ടിക്കിടക്കാന്‍ കാരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ചകളും കെടുകാര്യസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചോ നടപടികളിലെ കാലതാമസം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ അധികാരികളെ അറിയിക്കാന്‍ സൗകര്യമൊരുക്കും. ഇതിനായി ജൂണ്‍ 1 മുതല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പരാതിപരിഹാരപ്പെട്ടികള്‍ സ്ഥാപിക്കും. പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം പരാതികള്‍ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി കെ പ്രശാന്ത് അദാലത്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഗീത ഗോപാല്‍, നഗരകാര്യ ടൗണ്‍ പ്ലാനിങ് ചെയര്‍മാന്‍ അഡ്വ. സതീഷ് കുമാര്‍, നഗരസഭാ സെക്രട്ടറി ദീപ സംസാരിച്ചു.
Next Story

RELATED STORIES

Share it