മൂന്നു ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു

ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലും വെസ്റ്റ്ബാങ്കിലുമായി വ്യത്യസ്ത സംഘര്‍ഷങ്ങളില്‍ മൂന്നു ഫലസ്തീനികള്‍ കൂടി വെടിയേറ്റു മരിച്ചു. അനധികൃത കുടിയേറ്റ മേഖലയിലും ജറുസലേമിലും ഇസ്രായേലികള്‍ക്കു നേരെ കല്ലേറു നടത്തിയെന്നാരോപിച്ചാണ് ഇവരെ വെടിവച്ചുകൊലപ്പെടുത്തിയത്. ഹെബ്രോണില്‍ ജൂതകുടിയേറ്റക്കാരന്റെ വെടിയേറ്റാണ് ഇന്നലെ രാവിലെ ഒരാള്‍ കൊല്ലപ്പെട്ടത്. ഫലസ്തീനി കല്ലെറിഞ്ഞുവെന്ന ഇസ്രായേല്‍ പോലിസിന്റെ വെളിപ്പെടുത്തലിനെ തിരുത്തി ജൂതകുടിയേറ്റക്കാരന്‍ ഫലസ്തീനിക്കു നേരേ കല്ലെറിയുകയായിരുന്നെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു.

മരിച്ചത് 18കാരനായ ഫാദല്‍ അല്‍ കവാത്സ്മി ആണെന്ന് തിരിച്ചറിഞ്ഞതായി ഫലസ്തീന്‍ സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ഹെബ്രോണിലെ ജൂത കുടിയേറ്റ മേഖലയില്‍ ഇസ്രായേലി സൈനികയ്ക്കു നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഒരു പെണ്‍കുട്ടിയെയും കൊലപ്പെടുത്തി. 16 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ റോഡുകളടച്ച് ഇസ്രായേല്‍ പോലിസ് നഗരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു സംഭവത്തില്‍ കിഴക്കന്‍ ജറുസലേമില്‍ ഒരു ഫലസ്തീനി പോലിസിന്റെ വെടിയേറ്റും മരിച്ചു. സംഘര്‍ഷത്തില്‍ നിരായുധരായവരുള്‍പ്പെടെ 42 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഏഴു ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ അന്താരാഷ്ട്ര പോലിസിനെ വിന്യസിക്കണമെന്ന യുഎന്‍ രക്ഷാസമിതിയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉന്നയിച്ച ആവശ്യം ഇസ്രായേല്‍ നിരസിച്ചതിന്റെ പിന്നാലെയാണ് പുതിയ ആക്രമണപരമ്പര.  മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്.
Next Story

RELATED STORIES

Share it