മൂന്നു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: അറ്റകുറ്റപ്പണിക്കിടെ ഓടയില്‍ വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രക്ഷിക്കാനെത്തിയ ഓട്ടോഡ്രൈവറും മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കരാര്‍ ഏറ്റെടുത്ത ചെന്നൈ ആസ്ഥാനമായുള്ള ശ്രീരാം ഇപിസി കമ്പനിയുടെ മൂന്ന് ഉദ്യോഗസ്ഥരെ കസബ പോലിസ് അറസ്റ്റ് ചെയ്തു. കമ്പനിയുടെ പ്രൊജക്റ്റ് മാനേജര്‍ തമിഴ്‌നാട് ട്രിച്ചി ജില്ലയിലെ തുറയൂര്‍ സൗത്ത്കാര സ്ട്രീറ്റ് 75ാം നമ്പര്‍ വീട്ടില്‍ ശെല്‍വകുമാര്‍(55), അസിസ്റ്റന്റ് എന്‍ജിനീയര്‍ ആന്ധ്രപ്രദേശ് കടപ്പ ജില്ലയിലെ മൈലാംവറം ബക്കരപ്പേട്ട് സ്വദേശി രഘുനാഥ റെഡ്ഡി (31), സേഫ്റ്റി ഓഫിസറായ തൃശൂര്‍ നെല്ലിക്കുന്ന് ഈസ്റ്റ് ഫോര്‍ട്ട് ചെറയത്ത് വീട്ടില്‍ ലോലക് ആന്റണി (29) എന്നിവരാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്കു ശേഷം മൂന്നു പ്രതികളെയും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(മൂന്ന്)യില്‍ ഹാജരാക്കി.
ഐപിസി 304ാം വകുപ്പ് പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് മൂവരുടെയും പേരില്‍ കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ മൂന്നു പേരെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കരാര്‍ പ്രവൃത്തിയുടെയും തൊഴിലാളികളുടെ സുരക്ഷയുടെയും ചുമതലയുള്ളവരെന്ന നിലയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ശ്രീരാം ഇപിസി കമ്പനിയുടെ ഭാരവാഹികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്നു ബോധ്യമായാല്‍ അവരെ കൂടി പ്രതിചേര്‍ക്കുമെന്നും കസബ സിഐ ഇ സുനില്‍കുമാര്‍ അറിയിച്ചു. പ്രവൃത്തിയുടെ കരാര്‍ വിഭജിച്ച് മറ്റേതെങ്കിലും കമ്പനിക്കു ഉപകരാറായി നല്‍കിയില്ലെന്നും ശ്രീരാം കമ്പനിയുടെ തന്നെ ഉദ്യോഗസ്ഥരാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തിയതെന്നും സിഐ വ്യക്തമാക്കി.
മാന്‍ഹോള്‍ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട തൊഴില്‍വകുപ്പിന്റെ നിബന്ധനകള്‍ ലംഘിച്ചതിനും തൊഴിലാളികള്‍ക്കു വേണ്ട രക്ഷാഉപകരണങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്തം പാലിക്കാത്തതിനുമാണ് കമ്പനി അധികൃതര്‍ക്കെതിരേ കേസെടുത്തതെന്ന് കസബ പോലിസ് അറിയിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ രഘുനാഥ റെഡ്ഡി മാത്രമാണ് അപകടസമയത്ത് തൊഴിലാളികള്‍ക്ക് അരികില്‍ ഉണ്ടായിരുന്നത്. തൊഴിലാളികളുടെയും വഴിയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട സേഫ്റ്റി ഓഫിസറും സംഭവസ്ഥലത്തുണ്ടായിരുന്നില്ല.
മാന്‍ഹോളിന്റെ അടപ്പു തുറന്ന് അല്‍പനേരം കഴിയാതെ അതിനകത്ത് ഇറങ്ങരുതെന്നാണ് നിലവിലെ മാര്‍ഗനിര്‍ദേശം. എന്നാല്‍, അടപ്പ് തുറന്ന് ഉടന്‍ തന്നെ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമൊരുക്കാതെയാണ് തൊഴിലാളികള്‍ പ്രവൃത്തിയിലേര്‍പ്പെട്ടതെന്നും അതാണ് അപകടത്തിനിടയാക്കിയതെന്നും കസബ സിഐ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയാണ് കോഴിക്കോട് കണ്ടംകുളം ജയ ഓഡിറ്റോറിയത്തിനു മുന്നിലെ നാലു മീറ്റര്‍ ആഴമുള്ള ഓടയില്‍ വീണ് രണ്ട് ആന്ധ്ര സ്വദേശികളായ കരാര്‍ തൊഴിലാളികളും രക്ഷിക്കാനെത്തിയ ഒരു ഓട്ടോഡ്രൈവറും മരിച്ചത്. കരാര്‍ തൊഴിലാളികളായ വെസ്റ്റ് ഗോദാവരി നരസാപുര ബൊമ്മിടി മീരാസാഹിബിന്റെ മകന്‍ ബൊമ്മിടി ഭാസ്‌കരറാവു(44), ഈസ്റ്റ് ഗോദാവരി ബീമറവരം നരസിംഹമൂര്‍ത്തി (44), ഓട്ടോഡ്രൈവര്‍ മാളിക്കടവ് മേപ്പക്കുടി വീട്ടില്‍ സിദ്ദീഖിന്റെ മകന്‍ നൗഷാദ്(33) എന്നിവരായിരുന്നു മരിച്ചത്.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നല്‍കുമെന്ന് ശ്രീരാം ഇപിസി കമ്പനി അറിയിച്ചു. നൗഷാദിന്റെ ധീരതയെ പ്രകീര്‍ത്തിച്ച കമ്പനി ബന്ധപ്പെട്ട കുടുംബത്തിനെ അനുശോചനമറിയിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it