ഹിസ്ബുല്ലാ പോരാളി സമീര്‍ കന്തര്‍ കൊല്ലപ്പെട്ടു

ഹിസ്ബുല്ലാ പോരാളി സമീര്‍ കന്തര്‍ കൊല്ലപ്പെട്ടു
X
Samir-kuntarദമസ്‌കസ്: ലബ്‌നാനിലെ ശിയാ പ്രസ്ഥാനമായ ഹിസ്ബുല്ലയുടെ പോരാളിയും മുന്‍ ഇസ്രായേല്‍ തടവുകാരനുമായ സമീര്‍ കന്തര്‍ സിറിയയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്നു ഹിസ്ബുല്ല ആരോപിച്ചു. കന്തറിനൊപ്പം മറ്റ് എട്ടു പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ജറമാനാ നഗരത്തില്‍ കന്തറിന്റെ വസതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സയണിസ്റ്റ് ശത്രുക്കള്‍ വ്യോമാക്രമണം നടത്തിയതെന്നു ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു. കന്തറിന്റെ സഹോദരന്‍ ബസ്സാം കന്തര്‍ മരണം സ്ഥിരീകരിച്ചു. ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ മാധ്യമങ്ങളും വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല.
1979ലാണ് ഇസ്രായേല്‍ കന്തറിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലാവുമ്പോള്‍ 16 വയസ്സായിരുന്നു. ഒരു ഇസ്രായേലിയേയും ഡന്നി ഹറാനെയും നാലു വയസ്സുള്ള കുഞ്ഞിനെയും മറ്റൊരു പോലിസുകാരനെയും കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു അറസ്റ്റ്. എന്നാല്‍, ആരോപണം കന്തര്‍ നിഷേധിക്കുകയാണ്. ഫലസ്തീന്‍ ലിബറേഷന്‍ ഫ്രണ്ടിലെ മറ്റു മൂന്നു പേരും കന്തറിനൊപ്പം അറസ്റ്റിലായിരുന്നു. ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍ കഴിഞ്ഞ അറബ് പൗരനാണ് ഇദ്ദേഹം.
2006ല്‍ ഹിസ്ബുല്ല തടവിലാക്കിയ രണ്ട് ഇസ്രായേലി സൈനികരുടെ മൃതദേഹങ്ങള്‍ കൈമാറുന്നതിനു പകരമായി 2008ലാണ് കന്തറിനെയും നാലു ഒളിപ്പോരാളികളെയും ഇസ്രായേല്‍ മോചിപ്പിക്കുന്നത്. സൈനികരെ പിടിച്ചുവച്ചതിന്റെ പേരില്‍ 2006ല്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ നടന്ന യുദ്ധം 34 ദിവസമാണ് നീണ്ടുനിന്നത്.
Next Story

RELATED STORIES

Share it