മൂന്നു ദിവസത്തിനകം എംപി സ്ഥാനം രാജിവയ്ക്കും: വീരേന്ദ്രകുമാര്‍

കോഴിക്കോട്: തന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ ഭാവി 17ഓടെ വ്യക്തമാവുമെന്നും രാജ്യസഭാംഗത്വം രാജിവയ്ക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്നും എം പി വീരേന്ദ്രകുമാര്‍ എംപി. 17നു രാവിലെ കോഴിക്കോട്ട് സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന പാര്‍ട്ടി കൗണ്‍സിലാവും നിര്‍ണായക തീരുമാനം കൈക്കൊള്ളുക.  മൂന്നു ദിവസത്തിനകം ഡല്‍ഹിയിലെത്തി എംപി സ്ഥാനം രാജിവയ്ക്കും. തുടര്‍ന്ന് ശരത് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഭാവിപരിപാടികള്‍ തീരുമാനിക്കുകയെന്നും വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഇനി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവിന്റെ ഭാഗമായി തുടരാനാവില്ല. ഇപ്പോള്‍ തങ്ങള്‍ അംഗീകരിക്കുന്ന നേതാവ് ശരത് യാദവാണ്. അദ്ദേഹത്തിന്റെ തീരുമാനം അറിയേണ്ടതുണ്ട്. ദേശീയതലത്തില്‍ അദ്ദേഹം പുതിയ പാര്‍ട്ടിയുമായി രംഗത്തുവരുകയാണെങ്കില്‍ അതിന്റെ ഭാഗമായി നില്‍ക്കും. അല്ലെങ്കില്‍ കേരളത്തില്‍ പുതിയ പാര്‍ട്ടിയാണ് ലക്ഷ്യമിടുന്നത്. 17ലെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കും. കേരളത്തില്‍ ആരുടെ കൂടെ നില്‍ക്കണമെന്നു തീരുമാനിക്കണമെങ്കില്‍ ആദ്യം പാര്‍ട്ടി വേണം. അതിനു ശേഷമേ അത്തരമൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളുവെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. കഴിഞ്ഞ മാസം, താന്‍ എംപി സ്ഥാനം രാജിവയ്ക്കുകയാണെന്നും എല്‍ഡിഎഫിന്റെ ഭാഗമായുള്ള ജെഡിഎസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വീരേന്ദ്ര കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ഇന്നലത്തെ യോഗത്തില്‍ നേതാക്കളില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നു.
Next Story

RELATED STORIES

Share it