Flash News

മൂന്നു തവണ അറസ്റ്റിനെത്തി; ക്ഷമ ചോദിച്ച് മടക്കം

ആലുവ: ഡോ. ഹാദിയയുടെ വിവാഹം റദ്ദാക്കിയ വിധിക്കെതിരേ 2017 മെയ് 29നു ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ പോലിസ് വേട്ട തുടരുന്നു. അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയവരെ വീണ്ടും ഇതേ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമം. പറവൂര്‍ മന്നം താന്നിപ്പാടം അറക്കല്‍ വീട്ടില്‍ സഗീറാണ് പോലിസിന്റെ നിരന്തര പീഡനത്തിന് ഇരയാകുന്നത്. ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരേ മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ സഗീറിനെ ഒരു വര്‍ഷം മുമ്പ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ ഈ കേസിലുള്ള ആദ്യ അറസ്റ്റും ഈ യുവാവിന്റേതായിരുന്നു. തുടര്‍ന്ന് കാക്കനാട്ടെ ജില്ലാ ജയിലില്‍ ഒരു മാസം സഗീര്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. പിന്നീട് പുറത്തിറങ്ങിയ സഗീര്‍ ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഇതിനിടയില്‍ രണ്ടു മാസം മുമ്പ് ആലുവയില്‍ എത്തിയ സെന്‍ട്രല്‍ പോലിസ് വീണ്ടും അതേ കേസില്‍ സഗീറിനെ പിടികൂടി. ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ ഒരു വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത കാര്യം അറിയിച്ചതോടെ തങ്ങള്‍ക്ക് പിണഞ്ഞ അബദ്ധത്തില്‍ മാപ്പു പറഞ്ഞ് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ സഗീറിനെ വിട്ടയച്ചു. എന്നാല്‍, ഇതേ കേസില്‍ തന്നെ കഴിഞ്ഞ ദിവസം വീണ്ടും സെന്‍ട്രല്‍ പോലിസ് തന്നെ ഇയാളെ പിടികൂടി. പറവൂര്‍ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലായിരുന്ന സഗീറിനെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനു വേണ്ടിയാണെന്ന് അറിയിച്ചാണ് പോലിസ് ആലുവയിലേക്ക് വിളിപ്പിച്ചത്. ജീപ്പില്‍ കയറിയ സഗീറിനെയും കൊണ്ട് സഞ്ചരിക്കവെയാണ്, ഹൈക്കോടതി മാര്‍ച്ച് കേസില്‍ തന്നെ അറസ്റ്റ് ചെയ്യുകയാണെന്ന് എസ്‌ഐ അറിയിച്ചത്. എന്നാല്‍, തന്നെ ഈ കേസില്‍ മൂന്നാം തവണയാണ് പിടികൂടുന്നതെന്ന് അറിയിച്ചതോടെ അബദ്ധം പറ്റിയ പോലിസ് വീണ്ടും ക്ഷമ പറഞ്ഞ് സഗീറിനെ തിരികെ എത്തിച്ചു തടിയൂരി. സഗീറിനെ സിപിഎം നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരു കേസില്‍ തന്നെ മൂന്നാമതും പോലിസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it