Idukki local

മൂന്നുമാസമായി ശമ്പളമില്ല: ഭൂസംരക്ഷണ സേനയെ നിഷ്‌ക്രിയമാക്കാന്‍ നീക്കം



തൊടുപുഴ: മൂന്നാറിലെ ഭൂസംരക്ഷണ സേനാംഗങ്ങള്‍ക്ക് ശമ്പളം കിട്ടിയിട്ട് മൂന്നുമാസം. നിരവധി കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സേനയെ നിഷ്‌ക്രിയമാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.2017 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് അവസാനമായി ശമ്പളം ലഭിച്ചത്.പ്രത്യേക യൂണിഫോമണിഞ്ഞ റിട്ട.സൈനീകരാണ് സേനാംഗങ്ങള്‍. പട്ടാളച്ചിട്ട ഇവരുടെ ജോലിയിലും തെളിഞ്ഞുനില്‍ക്കുന്നു. ഇവരുടെ ചുമതലയില്‍പ്പെട്ട പ്രദേശങ്ങളില്‍ എവിടെ കൈയേറ്റം നടന്നാലും അത് ഉത്തരവാദിത്വപ്പെട്ടവരെ രേഖാമൂലം അറിയിക്കും. ഇവര്‍ നല്‍കുന്ന റിപോര്‍ടിന്മേല്‍ നടപടിയെടുക്കാന്‍ വില്ലേജ് ഓഫിസര്‍മാരും തഹസീല്‍ദാര്‍മാരും നിര്‍ബന്ധിതമാകുകയാണ് പലപ്പോഴും. കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതുവരെ വിശ്രരഹിതമായി ജോലിചെയ്യും. ഇവര്‍ക്ക് രാഷ്ട്രീയമോ മതമോ ഒന്നും പരിഗണനാ വിഷയമല്ല.പാപ്പാത്തിച്ചോല കൈയേറ്റം ഉള്‍പ്പെടെ പ്രമുഖമായ കൈയേറ്റം ഭൂസംരക്ഷണ സേന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തിച്ചു. അതിന്മേല്‍ നടപടിയുമുണ്ടായി.അതോടെയാണ് ശമ്പളം മുടങ്ങിയതെന്നു ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഇക്കാലയളവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കലിന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ് ഇവര്‍ യാത്ര ചെയ്തത്. കൈയേറ്റം ഒഴിപ്പിക്കാനെത്തുന്ന സ്ഥലത്തെല്ലാം ഭൂമാഫിയയുടെ ഭീഷണിയും അക്രമവും നേരിടേണ്ടിവരുന്നത് ഭൂസംരക്ഷണ സേനയ്ക്കാണ്. ജില്ലയിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് ഭൂസംരക്ഷണ സേനയെ നിയമിച്ചത്. 15 പേരെയാണ് ആദ്യം നിയമിച്ചത്. ഇപ്പോള്‍ ജില്ലയില്‍ ഒമ്പത് പേരാണ് പ്രവര്‍ത്തിക്കുന്നത്. ദേവികുളത്ത് നാല്, ഉടുമ്പന്‍ചോലയില്‍ മൂന്ന്, പീരുമേട്ടില്‍ രണ്ട് എന്നിങ്ങനെയാണ് സേനയുടെ അംഗബലം. ദിവസേന 675 രൂപയാണ് ശമ്പളം നിശ്ചയിച്ചിരുന്നത്. ശമ്പളം ലഭിക്കാതെ വരുന്നതോടെ ഭൂസംരക്ഷണസേനയിലെ അംഗങ്ങള്‍ പിരിഞ്ഞ് പൊയ്‌ക്കൊള്ളുമെന്ന കണക്കുകൂട്ടലിലാണ് നീക്കമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it