kannur local

മൂന്നുദിവസം ജനകീയ ശുചീകരണ യജ്ഞം



കണ്ണൂര്‍: പകര്‍ച്ചപ്പനിയും മറ്റ് മഴക്കാല രോഗങ്ങളും തടയാന്‍ 27, 28, 29 തിയ്യതികളില്‍ ജില്ലയിലാകെ വന്‍ ജനപങ്കാളിത്തത്തോടെ ജനകീയ ശുചീകരണ യജ്ഞം നടത്താന്‍ തീരുമാനം. മന്ത്രിസഭാ തീരുമാനപ്രകാരം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാവിഭാഗം ജനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജനവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്‍ഥിച്ചു. തദ്ദേശസ്ഥാപനങ്ങളുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍, ബഹുജന സംഘടനകള്‍, സന്നദ്ധസംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം പങ്കാളികളാവും. പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥ തലത്തിലും ബഹുജന തലത്തിലും സമഗ്രമായ പ്രവര്‍ത്തനം ഉണ്ടാവണമെന്നും മരുന്ന്, ഡോക്ടര്‍മാരുടെ ലഭ്യത എന്നിവ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഓരോ നിയമസഭാ മണ്ഡലം തലത്തിലും എംഎല്‍എമാര്‍ ശുചീകരണത്തിനു നേതൃത്വം നല്‍കും. 24നകം മണ്ഡലം തലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന-മഹിളാ സംഘടനകള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേരും. ഇതോടൊപ്പം എല്ലാ പഞ്ചായത്തുകളിലും വിപുലമായ യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും. കൊതുകുകള്‍ വളരുന്നതിനും പെരുകാനുമുള്ള സാഹചര്യം ഇല്ലാതാക്കണം. വെള്ളക്കെട്ടുകള്‍, മലിനജലമൊഴുക്ക്, മാലിന്യ നിക്ഷേപം എന്നിവ കണ്ടെത്തി നിര്‍മാര്‍ജനം ചെയ്യണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണം. അതീവ അപകടസാധ്യത, അപകടസാധ്യത, അപകടസാധ്യത കുറഞ്ഞത് എന്നിങ്ങനെ തിരിച്ച് ഓരോയിടത്തും ആവശ്യമായ നടപടികളും പ്രവര്‍ത്തനങ്ങളും കൈക്കൊള്ളണം. എല്ലാവീട്ടിലും പകര്‍ച്ചപ്പനി പ്രതിരോധിക്കാനും പരിസര ശുചീകരണത്തിനുമുള്ള ബോധവല്‍ക്കരണ സന്ദേശം എത്തിക്കണം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയര്‍ ഇ പി ലത, പി കെ ശ്രീമതി എംപി, എംഎല്‍എമാരായ കെ സി ജോസഫ്, സി കൃഷ്ണന്‍, ജെയിംസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ പി ജയരാജന്‍, സതീശന്‍ പാച്ചേനി, അഡ്വ. സന്തോഷ് കുമാര്‍, അശ്‌റഫ് ബംഗാളി മൊഹല്ല, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, വിവിധ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it