Idukki local

മൂന്നുങ്കവയല്‍ തൂക്ക് പാലം അപകടാവസ്ഥയില്‍; നടപടിയില്ല

മൂലമറ്റം: സ്‌കൂള്‍കുട്ടികളുള്‍പ്പടെ ഒട്ടേറെയാളുകള്‍ ഉപയോഗിക്കുന്ന മൂന്നുങ്കവയല്‍ തൂക്ക് പാലം അപകടത്തിലായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. അറക്കുളം ഗ്രാമപ്പഞ്ചായത്തിലെ മൂന്നുങ്കവയല്‍ തൂക്കുപാലമാണ് അപകടത്തിലായത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എംവിഐപി നിര്‍മിച്ചതാണ് ഈ തൂക്കുപാലം.
റോപ്പ് കമ്പികള്‍ വലിച്ച് കെട്ടി കൈ വരിയും സ്ഥാപിച്ച്, ഇരുവശങ്ങളിലും കമ്പി വലകളും ഇട്ട്, യാത്രക്കാര്‍ക്ക് നടക്കാനായി അലുമിനിയം തകിടും സ്ഥാപിച്ചാണ് പാലം പണിതത്. ഇടയ്ക്ക് ചില അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഭാഗത്തെ അലുമിനിയം തകിട് പൊട്ടിയകന്ന് നടക്കാന്‍ പറ്റാത്ത വിധം കുഴിയായി മാറിയിരിക്കുന്നു.
ശ്രദ്ധിച്ചില്ലെങ്കില്‍ കാല്‍നടക്കാര്‍ താഴെ പോകുന്ന സ്ഥിതിയാണ് ഉള്ളത്.വാര്‍ഡ് മെംബറുടെ നിരന്തര പരിശ്രമഫലമായാണ് എംവിഐപി പാലം പണിതത്. എന്നാല്‍ ഇപ്പോള്‍ ഈ പാലം തകരാറിലായിട്ട് ആരും തിരിഞ്ഞ് നോക്കുന്നില്ല. നിത്യേന സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറ് കണക്കിനാളുകളാണ് ഈ പാലം വഴി കടന്നു പോവുന്നത്.
രാത്രിയില്‍ പോലും ആളുകള്‍ ഉപയോഗിക്കുന്ന പാലമാണിത്.
ഈ പാലം തകര്‍ന്നാല്‍ കണ്ണിക്കല്‍, പുത്തേട്, കൂവപ്പളളി, മൂന്നുങ്കവയല്‍, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ കാഞ്ഞാര്‍ ചുറ്റി കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ട ഗതികേടിലാകും. പാലത്തിന്റെ റോപ്പും, കമ്പികളും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it