Alappuzha local

മൂന്നുകിലോ കഞ്ചാവുമായി അരൂരില്‍ ബിബിഎ വിദ്യാര്‍ഥി പിടിയില്‍



അരൂര്‍: മൂന്നുകിലോ കഞ്ചാവുമായി ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥി പോലീസ് പിടിയില്‍. വയനാട് മാനന്തവാടി മക്കിയാട് മുപ്രാപ്പള്ളി വീട്ടില്‍ അനീഷ് മാത്യു (22) ആണ് അരൂര്‍ പോലിസിന്റെ പിടിയിലായത്. ആലപ്പുഴ ആന്റി നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അഹമ്മദ് കബീര്‍ റാവുത്തറിന് ലഭിച്ച രഹസ്യ സന്ദേശത്തേത്തുടര്‍ന്ന് അരൂര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ടി എസ് റനീഷും സംഘവും ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ അരൂര്‍ ക്ഷേത്രം കവലയില്‍ വച്ചാണ് ഇയാള്‍ പിടിയിലാവുന്നത്.  ബാഗ്ലൂരിലെ ഗാര്‍ഡന്‍സിറ്റി യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിയാണ് അനീഷ് മാത്യു. നാലോ, അഞ്ചോ പേര്‍ ചേര്‍ന്ന് ഒരു മുറിയെടുത്ത് താമസിച്ചാണ് കേരളത്തിലെ ആവശ്യക്കാര്‍ക്ക് കഞ്ചാവ് നേരിട്ട് എത്തിച്ചിരുന്നത്. 30000 രൂപയ്ക്കാണ് ബാഗ്ലൂരില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് വാങ്ങിയത്. ഇത് കേരളത്തില്‍ എത്തിച്ച് മറിച്ചുവില്‍ക്കുന്നത് അറുപത്തി അയ്യായിരം രൂപയ്ക്കാണ്. കഞ്ചാവ് വില്‍പ്പനയിലെ വന്‍ലാഭം ലഭിക്കുന്നതിനാല്‍ ബാഗ്ലൂരില്‍ പഠിക്കുന്നതിനായി എത്തുന്ന കുട്ടികളില്‍ ഇത്തരം മയക്കു മരുന്ന് വില്‍പന കണ്ടുവരുന്നതായി പോലിസ് പറയുന്നു. ഇടപ്പള്ളി, പൂച്ചാക്കല്‍, വടുതല പ്രദേശങ്ങളില്‍ ഇയാള്‍ക്ക് സുഹൃത്തുക്കളുള്ളതായി പറയുന്നു. ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീക്കിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് അംഗങ്ങളായ നിസ്സാര്‍, സേവ്യര്‍, അരുണ്‍, ടോണി, എബിന്‍, വൈശാഖ്, അനീഷ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it