kozhikode local

മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്റെ മരണം; മൂന്ന് സ്‌കൂള്‍ ജീവനക്കാര്‍ അറസ്റ്റില്‍

മലപ്പുറം: മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സ്‌കൂള്‍ ജീവനക്കാര്‍ കൂടി അറസ്റ്റില്‍. പ്യൂണ്‍ മുഹമ്മദ് അഷറഫ്, ക്ലര്‍ക്കുമാരായ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റസാഖ് എന്നിവരെയാണ് കേസന്വേഷിക്കുന്ന പാലക്കാട് ക്രൈം ബ്രാഞ്ച് സംഘം— അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയ ഇവരെ 25,000 രൂപയുടെ ബോണ്ടില്‍ വിട്ടയച്ചു. ലീഗ് നേതാവും മൂന്നിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ സ്‌കൂള്‍ മാനേജര്‍ വി പി സെയ്തലവി, മുന്‍ മലപ്പുറം ഡിഡിഇ കെ സി ഗോപി, സ്‌കൂള്‍ പ്രധാനാധ്യാപിക സുധ പി നായര്‍, മുന്‍ മൂന്നിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മുന്‍ പിടിഎ പ്രസിഡന്റുമായ ഹൈദര്‍ കെ മൂന്നിയൂര്‍ എന്നിവര്‍ ഈ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അനീഷിനെ 2014 സപ്തംബര്‍ രണ്ടിനാണ് മലമ്പുഴയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനീഷിന്റെ പിതാവിന്റെ പരാതിയിലാണ് മലമ്പുഴ പോലിസ് കേസടുത്തത്. ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിയില്‍ നിന്ന് അനീഷിനെ കുടുക്കാന്‍ കള്ള വൂണ്ട് സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് നല്ലളം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആശുപത്രി എംഡി ഡോ. കോയ അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. ഈ കേസിലും മുഹമ്മദ് അഷറഫ്, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റസാഖ് എന്നിവര്‍ പ്രതികളാണ്. അനീഷിനെ കുടുക്കാന്‍ സ്‌കൂള്‍ മാനേജരുടെ നിര്‍ദേശ പ്രകാരം മുഹമ്മദ് അഷറഫായിരുന്നു തിരൂരങ്ങാടി പോലിസില്‍പരാതി നല്‍കിയത്. ഇതിന്റെ മറവിലാണ് അനീഷിനെ മാനേജര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. അനീഷ് ബെഞ്ചിന്റെ കാല്‌കൊണ്ട് അടിച്ചതിനാല്‍ തലയില്‍ ആഴത്തിലുള്ള മുറിവ് പറ്റിയെന്നായിരുന്നു അഫറഫിന്റെ മൊഴി. ഇതിന് അനുസൃതമായ വൂണ്ട് സര്‍ട്ടിഫിക്കറ്റാണ് ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിയില്‍ നിന്ന് പടച്ചു നല്‍കിയത്. പിന്നീട് മനുഷ്യാവകാശ കമ്മീഷനും പോലിസും നടത്തിയ ശസ്ത്രീയ പരിശോധനയില്‍ അഷറഫിന്റെ തലയില്‍ പോറല്‍ പോലും ഏറ്റിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അഷറഫിന് അനുകൂലമായി കള്ളസാക്ഷി പറഞ്ഞത് അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റസാഖ് എന്നിവരായിരുന്നു.
Next Story

RELATED STORIES

Share it