malappuram local

മൂന്നിയൂര്‍ കളിയാട്ടമുക്ക് കോഴിക്കളിയാട്ടമഹോല്‍സവം ഇന്ന്

തിരൂരങ്ങാടി: പ്രസിദ്ധമായ മൂന്നിയൂര്‍ കളിയാട്ടമുക്ക് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കോഴിക്കളിയാട്ടമഹോല്‍സവം ഇന്ന് നടക്കും. പൊയ്കുതിരകളുമായി അനേകമാളുകളാണ് കളിയാട്ടക്കാവിലെത്തുന്നത്. കാപ്പൊലിക്കല്‍ ചടങ്ങോടെ ഈ വര്‍ഷത്തെ കളിയാട്ട ഉല്‍സവത്തിന് തുടക്കമായി. തുടര്‍ന്ന് 17 ദിവസങ്ങളിലായി ഉല്‍സവത്തോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകള്‍ ആരംഭിച്ചു.
ജാതിമതഭേതമന്യ ആയിരക്കണക്കിന് ജനങ്ങള്‍ ഒഴുകിയെത്തുന്ന ഉല്‍സവചടങ്ങുകളാണ് വെള്ളിയാഴ്ച നടക്കുക. മലബാറിലെ വിവിധ ദേശങ്ങളില്‍ നിന്ന് പൊയ്കുതിരകളുമായാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തുക. കളിയാട്ടത്തിന്റെ വരവറിയിച്ച് കൊണ്ട് പൊയ്കുതിര സംഘങ്ങള്‍ വീടുകള്‍തോറും കയറിയിറങ്ങുന്ന ചടങ്ങ് വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു.
ഭക്തിയാദരപൂര്‍വം ദേവീകൃപയാഗ്രഹിച്ച് ദിവസങ്ങള്‍ ചെലവഴിച്ചാണ് ചെറുതും വലുതുമായ പൊയ്ക്കുതിരകളെ ഭക്തര്‍ നിര്‍മിക്കുന്നത്. മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട ചരിത്രമാണ് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിനും കളിയാട്ട ഉല്‍സവത്തിനുമുള്ളത്. ക്ഷേത്രത്തിലെത്തുന്നതിന് മുമ്പ് മമ്പുറം മഖാമില്‍ സന്ദര്‍ശനം നടത്തിയാണ് പൊയ്ക്കുതിര സംഘങ്ങള്‍ കാവിലെത്തുക. 2500 ഓളം വര്‍ഷം പഴക്കമുളള ചരിത്രമാണ് ഈ ഉല്‍സവത്തിനെയും ക്ഷേത്രത്തിനെയും കുറിച്ച് നിലവിലുള്ളത്.
മഴക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് കളിയാട്ടദിവസം മഴപെയ്യുമെന്നാണ് വര്‍ഷങ്ങളായുള്ള വിശ്വാസം. കാര്‍ഷിക വിളകളുടെ വില്‍പന നടക്കുന്ന കാര്‍ഷികചന്തയും കളിയാട്ട ഉല്‍സവത്തോടനുബന്ധിച്ച് നടക്കും.
ദേശീയപാതയില്‍ തലപ്പാറമുതല്‍ മുട്ടിച്ചിറ വരെ വിവിധ തരത്തിലുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുമായി കച്ചവടക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന കോഴിക്കളിയാട്ടത്തോടെ ഉല്‍സവപരിപാടികള്‍ സമാപിക്കും.

ഗതാഗത ക്രമീകരണം
മലപ്പുറം: മുന്നിയൂര്‍ കളിയാട്ടക്കാവുമായി ബന്ധപ്പെട്ട് മുട്ടിച്ചിറയില്‍ നിന്ന് ക്ഷേത്രംവരെയുളള റോഡില്‍ വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ താഴെ ചേളാരിയില്‍ നിന്നും പരപ്പനങ്ങാടി, തിരൂര്‍ വഴിയോ, പടിക്കല്‍ എന്ന സ്ഥലത്തുനിന്നും ഇടത്തോട്ടു തിരിഞ്ഞ് പറമ്പില്‍പീടിക, എആര്‍ നഗര്‍ വഴിയോ പോവേണ്ടതാണ്.
തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൊളപ്പുറത്തുനിന്നും വലത്തോട്ടുതിരിഞ്ഞ് എആര്‍നഗര്‍, പറമ്പില്‍പീടിക വഴിയോ, കൊണ്ടോട്ടി വഴിയോ പോവണം. എയര്‍പോര്‍ട്ട്, വിവാഹം തുടങ്ങി അടിയന്തിരകാര്യങ്ങള്‍ക്ക് പോകേണ്ടവര്‍ മുന്‍കൂട്ടി സമയക്രമീകരണം നടത്തി യാത്ര ചെയ്യേണ്ടതാണെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it