malappuram local

മൂന്നിയൂര്‍, എആര്‍ നഗര്‍ പഞ്ചായത്ത് ഓഫിസുകള്‍ ഇരകള്‍ ഉപരോധിച്ചു

തേഞ്ഞിപ്പലം/തിരൂരങ്ങാടി: ദേശീയപാത 45 മീറ്ററില്‍ ബിഒടി ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീടും സ്ഥലവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന ഇരകള്‍ മൂന്നിയൂര്‍, എആര്‍ നഗര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ ഉപരോധിച്ചു. എആര്‍ നഗര്‍ പഞ്ചായത്ത് ഓഫിസിലെത്തിയ നാട്ടുകാര്‍ ജീവനക്കാരെയും ജനപ്രതിനിധികളെയും അകത്തേക്ക് കടത്തിവിട്ടില്ല. ഇതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.
സിപിഎമ്മിന്റെ പലരും സമരത്തില്‍നിന്നു വിട്ടുനിന്നെങ്കിലും പിന്നീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തി. സ്ഥലം എംഎല്‍എ അഡ്വ. കെ എന്‍ എ ഖാദര്‍ സ്ഥലത്തെത്താതെ പിരിഞ്ഞുപോവില്ലെന്ന് ശഠിച്ച സമരക്കാര്‍ വൈകീട്ട് നാലരയോടെയാണ് പിരിഞ്ഞുപോയത്. വൈകീട്ട് എംഎല്‍എ അരീത്തോട് പ്രദേശം സന്ദര്‍ശിച്ചു. എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉള്‍പ്പെടുത്തി ആക്്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഹൈവേ അതോറിറ്റിയടക്കമുള്ളവര്‍ക്ക് പരാതിനല്‍കാനും സമരം ശക്തിപ്പെടുത്താനുമാണ് തീരുമാനം. അരീത്തോട് മുതല്‍ വലിയപറമ്പ് വരെയുള്ള ഭാഗങ്ങളില്‍ നിലവിലെ പാതയില്‍ സ്ഥലമുണ്ടായിട്ടും ജനവാസകേന്ദ്രത്തിലൂടെയാണ് അലൈന്‍മെന്റ് തയ്യാറാക്കിയിട്ടുള്ളത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, കള്ളിയത്ത് റുഖിയ, നഫീസ, കെ പി സമീര്‍, സി കെ നൗഫല്‍, എം പി മുസ്തഫ, സി എച്ച് അന്‍വര്‍, പി വാസു, റിയാസ് കല്ലന്‍ സംസാരിച്ചു.
മുന്നിയൂരില്‍ സ്ത്രീകളടക്കം നൂറുകണക്കിന് ഇരകള്‍ ഉപരോധത്തില്‍ പങ്കെടുത്തു. വന്‍ പോലിസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. നൂറു കണക്കിനാളുകളുടെ കിടപ്പാടവും കെട്ടിടങ്ങളും നഷ്ടപ്പെടുന്ന രീതിയിലാണ് മൂന്നിയൂരില്‍ ദേശീയപാതയ്ക്ക് അലൈന്‍മെന്റ് നിര്‍ണയിച്ചിരിക്കുന്നതെന്നും ഇരകളോട് മുന്‍ക്കൂട്ടി ചര്‍ച്ച ചെയ്യാതെ അലൈന്‍മെന്റിന് അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതി മാപ്പു പറയണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ദേശീയപാത സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ഡോ: ആസാദ് ആവശ്യപ്പെട്ടു. ഇരകളുടെ നിയമപരമായ അവകാശങ്ങള്‍ പോലും കാറ്റില്‍ പറത്തി ജില്ലയില്‍ മുന്നേറുന്ന ചുങ്കപ്പാത സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ പോലും മുഖ്യധാരാ രാഷ്ട്രിയ കക്ഷികള്‍ തയ്യാറാവാത്തത് ബിഒടി ടോള്‍ മാഫിയയെ പ്രീണിപ്പിക്കാനാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആരോപിച്ചു.
കടവത്ത് മൊയ്തീന്‍ കുട്ടി അധ്യക്ഷ്യത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം അന്‍വര്‍ സാദത്ത്, മെംബര്‍മാരായ എം എ അസീസ്, എം അലി, സി ആയമ്മ, ടി പി തിലകന്‍, സലാം മൂന്നിയൂര്‍, സി അന്‍സാര്‍, സി പി യൂനുസ്, അസ്്‌ലം വെളിമുക്ക് സംസാരിച്ചു.
പ്രകടനത്തിന് ചാന്ത് അബൂബക്കര്‍, സൈതലവി തലപ്പാറ, സി പി ആലിക്കോയ, ഷുക്കൂര്‍ തലപ്പാറ, പൂക്കാടന്‍ ബഷീര്‍, ജലീല്‍ ചേളാരി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it