thrissur local

മൂന്നിടങ്ങളിലായുള്ള ആക്രമണങ്ങളില്‍ 6 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പരിക്ക്

കുന്നംകുളം: പൂരാഘോഷത്തിനിടെ പരക്കെ അക്രമം. മൂന്നിടങ്ങളിലായി നടന്ന അക്രമങ്ങളില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അക്രമത്തിന് പിന്നില്‍ സംഘപരിവാറെന്ന് ആരോപണം ശക്തം. കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിന്റെ ഭാഗമായി തൂവ്വാന്നൂര്‍, ചോട്ടിലപ്പാറ എന്നിവടങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്.
ചൂണ്ടല്‍ സെന്ററിലെ റെഡ് ഇങ്ക് പൂരാഘോഷ കമ്മിറ്റിയുടെ തെയ്യകാഴ്ച്ച മടങ്ങുന്നതിനിടെ ഉണ്ടായ അക്രമത്തില്‍ ചൂണ്ടല്‍ പൂവ്വന്തറ അപ്പുവിന്റെ മകന്‍ മുകേഷ് (30) പന്നിത്തടം പെരുമ്പുള്ളി സന്തോഷിന്റെ മകന്‍ വിബിന്‍ (20) എന്നിവര്‍ക്ക് പരിക്കേറ്റു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് മുഖം മറച്ചിറങ്ങിയ സംഘം കല്ലേറ് നടത്തിയശേഷം ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. മുകേഷിന്റെ വലത്തെ കാലിനും വിബിന്റെ തലയ്ക്കുമാണ് പരിക്കേറ്റത്. ഡിവൈഎഫ്‌ഐ ചൂണ്ടല്‍ മേഖല പ്രസിഡണ്ട് ഊട്ടുമഠത്തില്‍ പുഷ്‌കരന്‍ മകന്‍ കിരണിനെ സംഘം ചേര്‍ന്ന് വീട്ടില്‍ കയറി അക്രമിച്ചു.
വീട്ടില്‍ നിന്ന് വലിച്ചിറക്കി റോഡിലിട്ടും അക്രമിച്ചതായി പരാതിയില്‍ പറയുന്നു. ഇവര്‍ മൂന്നുപേരും കുന്നംകുളം റോയല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചോട്ടിലപ്പാറയിലും വീട് കയറിയുള്ള ആക്രമണങ്ങള്‍ നടന്നു. വന്നേരിവളപ്പില്‍ ജമാലിന്റെ മകന്‍ അബൂതാഹിര്‍ (28) പുലിക്കോട്ടില്‍ മണികണ്ഠന്‍ മകന്‍ ലെനിന്‍ ദാസ് (20) എന്നിവരെയാണ് വീട്ടില്‍ കയറി അക്രമിച്ചത്. അബു താഹിന്റെ കണ്ണിനും ലെനിന്‍ ദാസിന്റെ മുഖത്തുമാണ് പരിക്ക്. ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. കിഴക്കേടത്ത് കൃഷ്ണന്‍ മകന്‍ രാഹുലിന് (21)നേരെയും അക്രമണമുണ്ടായി. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ രാഹുലിന്റെ മൂക്കിന്റെ എല്ല് തകര്‍ന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് രാഹുലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരെ മുരളി പെരുനെല്ലി എംഎല്‍എ, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് കരീം, വൈസ് പ്രസിഡണ്ട് രേഖ സുനില്‍, സ്ഥിരം സമിതി ചെയര്‍മാന്‍ എം കെ ആന്റണി, സിപിഎം നേതാക്കളായ എം ബി പ്രവീണ്‍, എം പീതാംബരന്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it