malappuram local

മൂന്നാഴ്ചയ്ക്കിടെ ആനകളുടെ ആക്രമണത്തില്‍  കൊല്ലപ്പെട്ടത് നാലുപേര്‍

പൊന്നാനി: പകലും രാത്രിയും വിശ്രമം കൊടുക്കാതെ ആനകളോട് ക്രൂരത. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ നാലു പേരാണ് സംസ്ഥാനത്ത് ആനകളുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് പാപ്പാന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ആനയുടെ ആക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. വ്യത്യസ്ഥ ഉല്‍സവങ്ങളിലായാണ് അപകടങ്ങള്‍ ഉണ്ടായത്.
ശബരിമല സന്നിധാനത്തെ ആന ഇടഞതിനാലാണ് സ്ത്രീ കൊല്ലപ്പെട്ടത്. തൃത്താലയിലും കായംകുളങ്ങരയിലും തൃപ്പൂണിത്തറയിലും ഉല്‍സവങ്ങളില്‍ അക്രമാസക്തനായ ആന പാപ്പാന്മാരെ കൊലപ്പെടുത്തുകയായിരുന്നു. രാത്രിയും പകലും ആനകള്‍ക്ക് മതിയായ വിശ്രമം കൊടുക്കാതെ പീഡിപ്പിക്കുന്നതാണ് ആനകള്‍ ഇടയാന്‍ കാരണമെന്ന് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു. ആനകളെ പകലിലെ ഉല്‍സവങ്ങളില്‍ മാത്രമെ പങ്കെടുപ്പിക്കാവൂ എന്നാണ് നിയമമെങ്കിലും ഇത് വ്യാപകമായി ലംഘിക്കപ്പെടുകയാണ്. ആളുകള്‍ മരിക്കാനിടയായ നാല് സംഭവത്തിലും ആനകള്‍ അക്രമാസക്തനായത് രാത്രിയിലാണ്. ഉല്‍സവങ്ങള്‍ക്ക് കൊണ്ടുപോവുന്ന ആനകളുടെ കാര്യത്തില്‍ സുപ്രിം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. സുപ്രിം കോടതി 2015 ആഗസ്ത് 18ന് പുറപ്പെടുവിച്ച വിധിയില്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് നിയമങ്ങളും നിബന്ധനകളും വച്ചിരുന്നു.
എന്നാല്‍, ഇത് പരസ്യമായി ലംഘിച്ചാണ് ആനകളെ പൂരങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ഉല്‍സവങ്ങള്‍ക്കും എഴുന്നള്ളിക്കുന്നത്. ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവിന്മേലാണ് ആനകളെ ഉല്‍സവങ്ങള്‍ക്ക് കൊണ്ടുവരേണ്ടത്. ഇതു പ്രകാരം പകല്‍ പതിനൊന്നു മുതല്‍ 3.30 വരെ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാനോ നടത്തിക്കൊണ്ട് പോവാനോ അനുവാദമില്ല. എന്നാല്‍, ഇതെല്ലാം പരസ്യമായി ലംഘിക്കപ്പെടുകയാണ്. നിലവിലെ നിയമങ്ങള്‍ അനകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതാണെങ്കിലും ഉല്‍സവ സീസണ്‍ ആയതോടെ അധികൃതര്‍ കണ്ടില്ലന്ന് നടിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ മാത്രം ഈ നിസണില്‍ ആനകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ 26 എണ്ണം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായ പരിശീലനങ്ങളെ തുടര്‍ന്ന് 2015 വര്‍ഷത്തില്‍ 17 ആനകളാണ് ചരിഞ്ഞതെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലം പറഞ്ഞു. മുറിവുണ്ടായി പഴുത്ത കാലുകളില്‍ ചങ്ങലയും ബന്ധിപ്പിച്ച് കിലോമീറ്ററുകളോളം നടത്തിച്ചാണ് ആനകളെ ഉല്‍സവത്തിന് എത്തിക്കുന്നത്.
നിയമങ്ങള്‍ അനുശാസിക്കുന്ന സംരക്ഷണങ്ങളോ ആനുകൂല്യങ്ങളോ ആനകള്‍ക്ക് ഉല്‍സവ സീസണുകള്‍ ആയാല്‍ ലഭിക്കുന്നില്ല. സുപ്രിം കോടതിയുടെ നിര്‍ദേശങ്ങളാണ് അധികൃതരും ഉല്‍സവ കമ്മിറ്റിക്കാരും കാണാതെ പോവുന്നത്. 45 മുതല്‍ 47 വരെ ആനകള്‍ക്കാണ് തൃശൂര്‍ ജില്ലയില്‍ മാത്രം വിവിധ ഉല്‍സവങ്ങളില്‍ നിന്ന് പരിക്കേറ്റതെന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. 2013 മാര്‍ച്ച് 20ല്‍ ആനകളെ എഴുന്നള്ളിപ്പ് കൊണ്ടുവരുന്നതില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം മതപരമായ ആഘോഷങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം.
എന്നാല്‍, ആനകളുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടി നിശ്ചയിച്ച നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാറില്ല. ഓരോ ഉല്‍സവങ്ങള്‍ക്കും ആനകളുടെ എണ്ണം കൂട്ടി പരമാവധി ശക്തി കാണിക്കാനാണ് ആഘോഷ കമ്മിറ്റികള്‍ മല്‍സരിക്കുന്നത്. 32 മുതല്‍ 10 വരെ ആനകളെയാണ് ഓരോ ഉത്സവങ്ങള്‍ക്കും എത്തിക്കുന്നത്. ചെറു പൂരങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും നാലു മുതല്‍ എട്ടു വരെ ആനകളെ എത്തിക്കുന്നു. രാത്രികാലങ്ങളില്‍ ആനകളെ ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുകയും മതിയായ വിശ്രമം ഉറപ്പ് വരുത്തുകയും ചെയ്തില്ലെങ്കില്‍ ആനകളുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം ഇനിയും വര്‍ധിക്കും.
Next Story

RELATED STORIES

Share it