Flash News

മൂന്നാറില്‍ സ്വകാര്യ റിസോര്‍ട്ട് കൈയേറിയ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് റവന്യൂവകുപ്പ്



കൊച്ചി: മൂന്നാറില്‍ സ്വകാര്യ റിസോര്‍ട്ട് കൈയേറിയ ഭൂമിയും കെട്ടിടവും മൂന്നാര്‍ വില്ലേജ് ഓഫിസിനായി കണ്ടെത്തിയിട്ടുള്ള സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ വകുപ്പ് ഹൈക്കോടതിയില്‍. കാര്‍ഷികേതര ആവശ്യത്തിന് മൂന്ന് വര്‍ഷത്തേക്ക് മാത്രം പാട്ടത്തിന് നല്‍കിയ ഭൂമിയും കെട്ടിടവും പാട്ടക്കാരന്‍ വി വി ജോര്‍ജ് എന്ന മറ്റൊരാള്‍ക്ക് അനധികൃതമായി കൈമാറിയതാണെന്നും ഇയാളിത് റിസോര്‍ട്ടായി മാറ്റുകയായിരുന്നുവെന്നും ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൈയേറ്റ ഭൂമിയെന്നും അനധികൃത കൈമാറ്റമെന്നുമുള്ള പേരില്‍ മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ 22 സെന്റ് ഭൂമി പതിച്ചു നല്‍കാനുള്ള അപേക്ഷയും അപ്പീലും റവന്യൂ അധികൃതര്‍ തള്ളിയത് ചോദ്യം ചെയ്ത് വി വി ജോര്‍ജ് നല്‍കിയ ഹരജിയിലാണ് വിശദീകരണം. ഹരജിക്കാരന്‍ സര്‍ക്കാര്‍ ഭൂമി കൈയേറുകയായിരുന്നുവെന്ന് സബ് കലക്ടര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. തോമസ് മൈക്കിള്‍ എന്നയാള്‍ക്ക് 1986ല്‍ മൂന്ന് വര്‍ഷത്തേക്ക് കാര്‍ഷികേതര ആവശ്യത്തിന് പാട്ടത്തിന് നല്‍കിയ ഭൂമിയുടെ അവകാശമാണ് ഇപ്പോള്‍ ഹരജിക്കാരന്‍ അവകാശപ്പെടുന്നത്. സര്‍ക്കാരിന് കീഴിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെട്ടിടം പാട്ടക്കാരന്‍ ചാരായ ഗോഡൗണായാണ് ഉപയോഗിച്ചത്. 1989ല്‍ പാട്ടക്കാലാവധി അവസാനിച്ചെങ്കിലും തോമസ് മൈക്കിള്‍ ഭൂമിയും കെട്ടിടവും ഹരജിക്കാരന് നിയമവിരുദ്ധമായും പാട്ടക്കരാര്‍ ലംഘിച്ചും കൈമാറുകയായിരുന്നു. പാട്ട ഭൂമിയും കെട്ടിടവും മറ്റാര്‍ക്കും കൈമാറരുതെന്ന വ്യവസ്ഥയെ തുടര്‍ന്ന് മൂന്നാര്‍ പഞ്ചായത്തില്‍ നിന്ന് ഹോംസ്‌റ്റേ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി വാങ്ങി റിസോര്‍ട്ടാക്കി മാറ്റുകയായിരുന്നു. ഇതിനിടെയാണ് ഭൂമി പതിച്ചു നല്‍കണമെന്ന അപേക്ഷയുമായി റവന്യൂ അധികൃതരെ സമീപിച്ചത്. മൂന്ന് തവണ തഹസീല്‍ദാരും അത്ര തവണ തന്നെ ആര്‍ഡിഒയും അപേക്ഷ തള്ളി. ഈ വര്‍ഷം ജൂണ്‍ ഏഴിനാണ് കാരണം സഹിതം അവസാനമായി ആര്‍ഡിഒ അപ്പീല്‍ അപേക്ഷ തള്ളിയത്. ഹരജിക്കാരന്റെ വിശദീകരണം കേട്ട ശേഷമാണ് അപേക്ഷ തള്ളി ഉത്തരവിട്ടിട്ടുള്ളത്. ഭൂസംരക്ഷണ നിയമ പ്രകാരം പുറമ്പോക്ക് ഭൂമിയിലാണ് ഹരജിക്കാരന്‍ അവകാശവാദമുന്നയിക്കുന്നതെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. പഞ്ചായത്തിന്റെ 1991-92 മുതല്‍ 96-97 വരെയുള്ള പതിച്ചു നല്‍കല്‍ പട്ടികയില്‍ ഈ സ്ഥലം ഉള്‍പ്പെട്ടിട്ടില്ലെന്നും പാട്ടത്തിന്റെയും ഭൂമിയുടേയും സ്വഭാവവും വ്യവസ്ഥകളുടെ ലംഘനവും ഇതില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. തോമസ് മൈക്കിളിന്റെ പേരില്‍ ഹരജിക്കാരന്‍ വ്യാജ അപ്പീല്‍ തയ്യാറാക്കുകയും 1971 മുതല്‍ കൈവശ ഭൂമിയാണെന്ന തരത്തില്‍ വ്യാജ അവകാശ വാദമുന്നയിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിനെ വിഭജിച്ച് മൂന്നാര്‍ വില്ലേജുണ്ടാക്കാന്‍ 2014 നവംബറില്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളതാണ്. എന്നാല്‍, മൂന്നാര്‍ പട്ടണത്തിനകത്ത് യോഗ്യമായ സ്ഥലം ഇല്ലാതിരുന്നതിനാല്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹരജിക്കാരന്‍ അവകാശപ്പെടുന്ന സ്ഥലവും കെട്ടിടവും ഓഫിസിന് അനുയോജ്യമെന്ന നിലയില്‍ തഹസീല്‍ദാര്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it