മൂന്നാറിലെ കെട്ടിടങ്ങള്‍ക്ക് എന്‍ഒസി; പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാറിലെ നിര്‍മാണങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മൂന്നാറില്‍ കെട്ടിടനിര്‍മാണത്തിന് എന്‍ഒസി നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. അടിമാലി, മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളില്‍ വീട് വയ്ക്കാന്‍ എന്‍ഒസി നല്‍കാത്തതിനെ കുറിച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി നല്‍കിയ അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെയും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും യാതൊരു നിര്‍മാണപ്രവര്‍ത്തനവും മൂന്നാര്‍ മേഖലയില്‍ നടത്തുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വീട് നിര്‍മാണത്തിന് എന്‍ഒസി നല്‍കുന്നതിനുള്ള അധികാരം ആര്‍ഡിഒക്ക് നല്‍കിയിരുന്നു. ഈ തീരുമാനംമൂലം വളരെ ദൂരെയുള്ള വില്ലേജുകളിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നതിനാല്‍ എന്‍ഒസി നല്‍കുന്നതിനുള്ള അധികാരം വില്ലേജ് ഓഫിസര്‍മാര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ജനങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടാതെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുതന്നെ മൂന്നാര്‍ മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനത്തിന് എന്‍ഒസി നല്‍കണമെന്നാണ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എട്ട് വില്ലേജുകളില്‍ വീട് വയ്ക്കാന്‍ എന്‍ഒസി നിര്‍ബന്ധമാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പറഞ്ഞു. ഈ നിര്‍ദേശം പിന്‍വലിക്കുന്നത് കര്‍ഷകദ്രോഹമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പാവപ്പെട്ടവരുടെ അപേക്ഷകള്‍ മാത്രമാണ് കെട്ടിക്കിടക്കുന്നതെന്നും വന്‍കിടക്കാര്‍ അനധികൃത നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തുന്നതായും കെ എം മാണി ആരോപിച്ചു. മാണിക്ക് പിന്തുണയുമായി സിപിഎം എംഎല്‍എ എസ് രാജേന്ദ്രനും രംഗത്തെത്തി. എസ് രാജേന്ദ്രന്റെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കര്‍ഷകരുടെ പ്രശ്‌നങ്ങളും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ഗൗരവതരമായി കണക്കാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാത്ത നിലപാടാണ് അവിടത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. എന്‍ഒസി നല്‍കുന്നതിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
Next Story

RELATED STORIES

Share it