Flash News

മൂന്നാറിലെ കുരിശുപൊളിക്കലിന് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന് ദേശാഭിമാനി

ഇടുക്കി : മൂന്നാറിലെ  കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായ കുരിശുപൊളിക്കലിന് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന് ദേശാഭിമാനിയുടെ റിപോര്‍ട്ട്. ഇക്കാര്യത്തില്‍ തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നുവെന്നും ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.

റിപോര്‍ട്ടില്‍ നിന്ന് :

ഇടുക്കി : മൂന്നാര്‍ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു. ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നു.

കേരള ചരിത്രത്തില്‍ ആദ്യമായ് കൈയേറ്റം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയനീക്കം യാദൃശ്ചികമല്ല. സിപിഐ എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്‌നാഥ് സിങ്ങിന് കുമ്മനം നിവേദനം നല്‍കിയത് ഈ തിരക്കഥയുടെ ഭാഗമാണ്. പിന്നീട് രാജ്‌നാഥ് സിങ് ഇടപെട്ട് മറ്റൊരു കേന്ദ്രമന്ത്രി സി ആര്‍ ചൌധരിയെ  മൂന്നാറിലേക്ക് അയച്ചു. ആര്‍എസ്എസുമായും ബിജെപിയുമായും നല്ല ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപ്പെടുത്തിയാണ് കരുക്കള്‍ നീക്കിയത്.

ബിജെപി നേതാക്കളുടെ ഒഴുക്കായിരുന്നു മൂന്നാറിലേക്ക്. ആദ്യമെത്തിയത് കുമ്മനം രാജശേഖരനായിരുന്നു. പിന്നീട് ബിജെപി ജില്ലാ ഘടകത്തെക്കൊണ്ട് മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിച്ച് ഉദ്ഘാടനം ചെയ്യാന്‍ കുമ്മനം വീണ്ടും എത്തി. ഇത് മുന്‍കൂട്ടിയുള്ള തീരുമാനത്തിന്റെ ഭാഗമാണ്. പണ്ടേ സിപിഐ എമ്മിനോടും ഇടുക്കിയിലെ ജനപ്രതിനിധികളോടും ശത്രുത പുലര്‍ത്തുന്ന ഒരു കോണ്‍ഗ്രസ് എംഎല്‍എ ഇക്കാര്യത്തില്‍ സംഘപരിവാറിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പരോക്ഷമായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നും വാര്‍ത്തകളുണ്ട്. ഈ കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ഭാര്യാകുടുംബവും റവന്യൂ ഉദ്യോഗസ്ഥനും ബന്ധുക്കാരാണെന്നാണ് വിവരം.

സംഘപരിവാര്‍ പശ്ചാത്തലമുള്ള ഈ ബന്ധങ്ങളാണ് മൂന്നാറില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍. കുരിശ് ജെസിബികൊണ്ട് ഇടിച്ചു തകര്‍ക്കുന്ന ചിത്രം രാജ്യത്താകെ പ്രദര്‍ശിപ്പിക്കാന്‍ പുലര്‍ച്ചെ നാലിന് സംഘപരിവാര്‍ നിയന്ത്രിക്കുന്ന ചാനലുകളെയും കൂട്ടിപ്പോയതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണ്.
Next Story

RELATED STORIES

Share it