Flash News

മൂന്നാറിലെ കുരിശിനെ ചൊല്ലി വാക്‌പോര് : കള്ളന്റെ കുരിശെന്ന് കാനം; വിശ്വാസികളുടേതെന്ന് മണി



കോട്ടയം: പാപ്പാത്തിച്ചോലയില്‍ കൈയേറ്റമൊഴിപ്പിക്കല്‍ സംഘം പൊളിച്ച കുരിശിനെച്ചൊല്ലി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി എം എം മണിയും തമ്മില്‍ വാക്‌പോര്. കോട്ടയത്ത് മെയ്ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത ചടങ്ങുകളിലാണ് കാനവും മണിയും നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. പാപ്പാത്തിച്ചോലയിലേത് കള്ളന്റെ കുരിശാണെന്ന്് കാനം രാജേന്ദ്രന്‍ ആരോപിച്ചു. അതേസമയം, കുരിശ് കൈയേറ്റക്കാരുടേതല്ലെന്നും വിശ്വാസികളുടേതാണെന്നുമായിരുന്നു മണിയുടെ മറുപടി. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാതെ അന്തസ്സ് പാലിക്കണമെന്ന് സിപിഐക്ക് മണി മുന്നറിയിപ്പും നല്‍കി. വൈക്കത്ത് ഐഐടിയുസി സംഘടിപ്പിച്ച മെയ്ദിന റാലി ഉദ്ഘാടനം ചെയ്യവെയാണ് കാനം രാജേന്ദ്രന്‍ കുരിശുവിവാദം എടുത്തിട്ടത്. തുടര്‍ന്ന്് പാമ്പാടിയിലെ മെയ്ദിന ആഘോഷപരിപാടിയിലാണ് കാനത്തിന് എം എം മണി പരോക്ഷ മറുപടി നല്‍കിയത്. മൂന്നാര്‍ വിഷയത്തില്‍ മുന്നണിയിലെ സുഹൃത്തുക്കള്‍ക്കാര്‍ക്കെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ ചര്‍ച്ചചെയ്യാം. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയും കടന്നാക്രമിക്കുകയും ചെയ്താല്‍ അത് ചോദ്യംചെയ്യും. സംരക്ഷിക്കേണ്ടവര്‍ തന്നെ വിമര്‍ശകരായാല്‍ എന്തുചെയ്യും. അതിനുള്ള ബാധ്യതയുണ്ട്്. കുരിശ് പൊളിച്ചതിനോട് യോജിപ്പില്ല. കാരണം, ആ കുരിശ് വര്‍ഷങ്ങളായി അവിടെയിരിക്കുന്നതാണ്. കൈയേറ്റക്കാരുടെ ഭൂമിയിലാണ് കുരിശെന്ന് വരുത്താനാണു പരിപാടി. ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഏറ്റെടുത്താല്‍ പോരായിരുന്നോ. കുരിശ് എന്തു പിഴച്ചു. ആര്‍എസ്എസുകാരാണ് അത് പൊളിക്കാന്‍ പത്രത്തിലെഴുതിയത്. അത് ഹിന്ദു വര്‍ഗീയതയുടെ ഭാഗമാണ്. അതിനോട് യോജിപ്പില്ല. മിണ്ടരുതെന്നല്ല പാര്‍ട്ടി ശാസനയിലുടെ അര്‍ഥമാക്കുന്നത്. വേണ്ടപ്പോള്‍ മിണ്ടണമെന്നാണ്. ഇനിയും മൂന്നാറില്‍ പോവും. ഇപ്പോള്‍ പോവാത്തത് വിവാദം വേണ്ടെന്നുവച്ചാണെന്നും മണി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it