Flash News

മൂന്നാറിനെ ചൊല്ലി സിപിഎം-സിപിഐ പോര് തുടരുന്നു



തിരുവനന്തപുരം: മൂന്നാറിലെ ഭൂപ്രശ്‌നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യൂ സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തെ ചൊല്ലി സിപിഐ-സിപിഎം പോര് തുടരുന്നു. ജൂലൈ ഒന്നിനു തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തില്‍ റവന്യൂമന്ത്രി പങ്കെടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. മൂന്നാര്‍ വിഷയത്തില്‍ സിപിഐ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചതിനു പിന്നാലെയാണ് കാനം അതൃപ്തി പരസ്യമാക്കിയത്. ദേവികുളം സബ്കലക്ടറുടെ വിഷയത്തിലും ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് നേതാക്കളുടെ പ്രതികരണം. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറി വിളിച്ച യോഗത്തിലേക്ക് സിപിഐയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെയൊരു യോഗത്തെക്കുറിച്ച് അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. കീഴ്‌വഴക്കങ്ങളുടെ ലംഘനമാണു നടക്കുന്നത്. സിപിഎം മാത്രമല്ല സര്‍ക്കാരെന്നും ഭരണഘടനയനുസരിച്ചാണ് സര്‍ക്കാ ര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യൂമന്ത്രി പോവണം. മുഖ്യമന്ത്രിയുടെ ഓഫിസ് യോഗംവിളിക്കുന്നതിന് സിപിഐ പരാതി പറയേണ്ട കാര്യമില്ല. യോഗത്തിലേക്കു വിളിക്കാതിരുന്നതിനെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റവന്യൂമന്ത്രിയെ ക്ഷണിക്കാതെ ഇത്തരത്തിലൊരു യോഗം വിളിക്കുന്ന കീഴ്‌വഴക്കം ഇല്ലാത്തതാണ്. എന്നാല്‍ ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഭൂസംരക്ഷണ നിയമപ്രകാരം മാത്രമേ മൂന്നാറിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കാനാവൂ. റവന്യൂമന്ത്രി പങ്കെടുക്കാത്ത യോഗത്തില്‍ എന്തു തീരുമാനമാണ് എടുക്കുകയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, റവന്യൂ സെക്രട്ടറി വിളിച്ച യോഗത്തെ സംബന്ധിച്ച് സിപിഐ അതൃപ്തി അറിയിച്ചിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.  അതേസമയം, മൂന്നാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനോടുള്ള വിയോജിപ്പ് സിപിഐ ജില്ലാനേതൃത്വവും വ്യക്തമാക്കി. കൈയേറ്റമെന്ന തെളിഞ്ഞ 22 സെന്റ് ഭൂമിയെക്കുറിച്ചു യോഗംനടത്തുന്നത് ഇല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ ശിവരാമന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മൂന്നാറില്‍ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കൈയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികളുമായി മുന്നോട്ടുനീങ്ങിയപ്പോള്‍ത്തന്നെ പ്രാദേശിക സിപിഎം നേതൃത്വം അദ്ദേഹത്തെ മാറ്റണമെന്ന് ശക്തമായ സമ്മര്‍ദം സര്‍ക്കാരില്‍ ചെലുത്തിയിരുന്നു. കൈയേറ്റഭൂമിയില്‍നിന്ന് കുരിശു നീക്കിയത് വിവാദമായപ്പോള്‍ മുഖ്യമന്ത്രിതന്നെ ഇടുക്കിയില്‍നിന്നുള്ള ജനപ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ച് യോഗം നടത്തിയിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങള്‍ കലക്ടറും സബ്കലക്ടറും നടപ്പാക്കുന്നില്ലെന്ന് കാണിച്ചാണ് കഴിഞ്ഞയാഴ്ച ഇടുക്കിയില്‍ നിന്നുള്ള സര്‍വകക്ഷിസംഘം മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതിനല്‍കിയത്. മന്ത്രി എം എം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി തുടങ്ങിയ പ്രമുഖരും നിവേദനത്തില്‍ ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. റവന്യൂമന്ത്രിയുടെ എതിര്‍പ്പിനെ മറികടന്നാണ് സെക്രട്ടറി യോഗംവിളിച്ചത്.
Next Story

RELATED STORIES

Share it