Flash News

മൂന്നാര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കല്‍ : പിന്നോട്ടില്ലെന്ന് കെ ഇ ഇസ്മയില്‍



കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നിന്ന് റവന്യൂ വകുപ്പ് പിന്നോട്ട് പോവില്ലെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ കെ ഇ ഇസ്മയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും ഒരു നയമുണ്ട്. അതു സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുകയെന്നതാണ്. അതിന് ആരൊക്കെ എതിരുനിന്നാലും സര്‍ക്കാരിന്റെ ഭൂമി തിരിച്ചുപിടിക്കുകതന്നെ ചെയ്യുമെന്നും കെ ഇ ഇസ്മയില്‍ പറഞ്ഞു. മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രനും മന്ത്രി എം എം മണിയും വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ ആശങ്കയില്ല. സിപിഎം ഇടപെട്ട് കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ അവര്‍ നിലപാട് മാറ്റും. സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് വരുംദിവസങ്ങളില്‍ തീരുമാനം അറിയിക്കും. മൂന്നാറില്‍ ഉടന്‍തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലോ മുന്നണിയിലോ രണ്ട് അഭിപ്രായമില്ലെന്നും കെ ഇ ഇസ്മയില്‍ പറഞ്ഞു. മലപ്പുറം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം സ്വന്തമാക്കുവാന്‍ സാധിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ വോട്ട് എല്‍ഡിഎഫിന് നേടുവാന്‍ സാധിച്ചു. യുഡിഎഫിന്റെ വോട്ടുവിഹിതം കുറഞ്ഞത് അവര്‍ക്കേറ്റ തിരിച്ചടിയാണെന്നും ഇസ്മയില്‍ പറഞ്ഞു. മുസ്‌ലിംലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചോയെന്ന ചോദ്യത്തിന് മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നു വിശ്വസിക്കുന്നില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ച പാര്‍ട്ടിയാണ് ലീഗെന്ന് മറക്കരുതെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it