Readers edit

മൂന്നാര്‍: സമരത്തിന് പുതിയ ബദല്‍

പ്രായോഗികരംഗത്തു വന്നിരിക്കുന്ന മാറ്റം തൊഴിലാളി നേതാക്കളുടെ ജീവിതരീതികളെ സ്വാധീനിക്കുകയും മുതലാളിത്തത്തോട് അരുനില്‍ക്കുന്ന രീതിയില്‍ അവര്‍ വര്‍ഗസമരത്തെ പാകപ്പെടുത്തിയെന്നുമുള്ള തിരിച്ചറിവാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ സമരത്തില്‍ നിന്നു ലഭിക്കുന്നത്. തൊഴിലാളികളുടെ പക്ഷത്താണ് തങ്ങളെന്നു പ്രഖ്യാപിക്കുമ്പോള്‍ പോലും നേതാക്കളും ട്രേഡ് യൂനിയനുകളും എത്രമാത്രം തൊഴിലാളികളോട് അകന്നുനില്‍ക്കുന്നുവെന്ന് മൂന്നാര്‍ സമരം വ്യക്തമാക്കി.

ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി വര്‍ഷം നൂറുദിന ജോലിക്കെത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രതിദിനം നല്‍കുന്ന കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും ശക്തമായ സമരം നടത്തിയിരുന്നു. എന്നാല്‍, തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന ദിവസക്കൂലി 84.27 രൂപയാണെന്നത് അവര്‍ അവഗണിച്ചു. കേരളത്തിലെ തൊഴില്‍മേഖലയില്‍ യൂനിയനുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍, പഴയ ചരിത്രത്തിന്റെ തഴമ്പില്‍ മാത്രം ഇനിയുള്ള കാലം അവര്‍ക്കു നിലനില്‍ക്കാന്‍ പറ്റില്ല.

തങ്ങള്‍ക്ക് 17 ലക്ഷത്തോളം മെംബര്‍മാരുണ്ടെന്നാണ് സി.ഐ.ടി.യു. അവകാശപ്പെടുന്നത്. ശക്തമായ പ്രവര്‍ത്തനമുണ്ടെന്ന് അവകാശപ്പെടുമ്പോഴും തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ യൂനിയനുകള്‍ക്കു കഴിയുന്നില്ലെന്നാണ് മൂന്നാര്‍ കാണിച്ചുതന്നത്. ആഗോളവല്‍ക്കരണകാലത്ത് തൊഴില്‍മേഖലയില്‍ ഉണ്ടായിരിക്കുന്ന ഗതിമാറ്റം കണ്ടില്ലെന്നു നടിക്കാനാവില്ല. തൊഴിലാളികളുടെ പക്ഷത്തു ചേര്‍ന്നുനില്‍ക്കുന്നുവെന്നു നേതാക്കള്‍ പറയുമ്പോഴും അവര്‍ മുതലാളിമാരോടുള്ള വിധേയത്വം ഉറപ്പിക്കാന്‍ ബദ്ധപ്പെടുന്നു. മൂന്നാര്‍ സമരത്തെ വെട്ടിയും തിരുത്തിയും നന്നാക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ ശ്രമിക്കുന്നുണ്ട്. സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദികളാണെന്ന ആരോപണമാണ് ഉയര്‍ത്തിയത്.

എന്നാല്‍, തൊഴിലാളി സംഘടനകള്‍ തങ്ങള്‍ക്കു വീഴ്ച പറ്റിയെന്നു സമ്മതിക്കാതിരിക്കുകയും സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദികളാണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നത് തൊഴിലാളികളുമായി അവര്‍ക്കു ബന്ധമില്ലെന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വന്തം ജീവിതത്തിനും തൊഴിലവകാശത്തിനും വേണ്ടി കഠിനമായ സമരത്തിനായിറങ്ങിയ സ്ത്രീകള്‍, ഒരു ബദല്‍ ഇവിടെ സാധ്യമാണെന്നും തെളിയിച്ചു. സര്‍വവ്യാപിയായ ഒരു സംഘടിത മുന്നേറ്റമാണ് സ്ത്രീകള്‍ നടത്തിയതെന്നു പറയാനാവില്ല. എന്നാല്‍, അത് ബദല്‍ രാഷ്ട്രീയത്തിന്റെ അനന്തമായ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടിയത്.

തൊഴിലാളികളുടെ ന്യായമായ ആവശ്യത്തെ തൊഴിലാളി യൂനിയനുകള്‍ അവഗണിച്ചതോടെയാണ് ഗോമതി അഗസ്റ്റിന്‍, എം ഇന്ദ്രാണി, ലിസി സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിച്ചത്. പ്രത്യയശാസ്ത്രത്തിന്റെയോ വര്‍ഗവിശകലനത്തിന്റെ തോതിന്റെ അടിസ്ഥാനത്തിലോ നിലകൊള്ളാതെ തങ്ങളുടെ ആവശ്യം നേരിട്ട് അറിയിച്ചാണ് തൊഴിലാളികള്‍ സമരത്തിനു തയ്യാറായത്. കേരളത്തില്‍ പ്ലാന്റേഷന്‍ രംഗത്ത് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കു വേണ്ടി പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം തൊഴിലാളികള്‍ക്ക് ഉപയുക്തമല്ലെന്നാണ് നാളിതുവരെയുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ കമ്മിറ്റിയില്‍ വിവിധ ട്രേഡ് യൂനിയനുകളില്‍പ്പെട്ട 35 നേതാക്കള്‍ നോമിനേറ്റഡ് അംഗങ്ങളാണ്. ഈ അംഗങ്ങള്‍ക്ക് തൊഴിലാളികളോടുള്ളതിനേക്കാള്‍ കൂറ് രാഷ്ട്രീയപ്പാര്‍ട്ടികളോടാണെന്നതിനാല്‍ അവകാശസമരരംഗത്തുനിന്ന് അവര്‍ പിന്നാക്കം പോകുന്നത് സ്വാഭാവികമാണ്. ലേബര്‍ കമ്മിറ്റി യഥാവിധി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തൊഴിലാളി നേതാക്കള്‍ക്കും യൂനിയനുകള്‍ക്കും ഇത്രയധികം അവമതിപ്പുണ്ടാക്കുന്ന ഒരു സമരത്തിനു തുടക്കംകുറിക്കില്ലായിരുന്നു.
Next Story

RELATED STORIES

Share it