മൂന്നാര്‍ സമരത്തിന്റെ മുഖം മാറുന്നു; സ്ത്രീ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

മൂന്നാര്‍: മൂന്നാര്‍ തോട്ടംതൊഴിലാളി സമരത്തിന്റെ മുഖം മാറുന്നു. 33 ദിവസം പിന്നിട്ട സമരം തീരാത്തതില്‍ മനംനൊന്ത് തൊഴിലാളി സ്ത്രീ മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. സൗത്ത് ലക്ഷ്മി എസ്‌റ്റേറ്റിലെ സമുദ്രക്കനി(42)യാണു തീകൊളുത്താനായി ദേഹത്തു മണ്ണെണ്ണ ഒഴിച്ചത്. സഹ തൊഴിലാളികളാണ് ഇവരെ പിന്തിരിപ്പിച്ചത്.പൊമ്പിളൈ ഒരുമൈയുടെയും ഐക്യട്രേഡ് യൂനിയന്റെയും പ്രക്ഷോഭച്ചൂടില്‍ ഇന്നലെ മൂന്നാര്‍ ഒറ്റപ്പെട്ടു. ആയിരക്കണക്കിന് ഒരുമൈ പ്രവര്‍ത്തകര്‍ കൊച്ചി-ധനുഷ്‌കോടി ദേശീയ പാത ഉപരോധിച്ചപ്പോള്‍ ഐക്യട്രേഡ് യൂനിയന്‍ 14 കേന്ദ്രങ്ങളില്‍ വഴിതടഞ്ഞു. മേഖലയിലെ കടകള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. യൂനിയന്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ടു പൊമ്പിളൈ ഒരുമൈ സ്ത്രീ തൊഴിലാളികള്‍ക്കു പരിക്കേറ്റു. സംഭവത്തില്‍ എട്ട് ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സമരം ഇന്നും തുടരുമെന്ന് ഇരുവിഭാഗങ്ങളും അറിയിച്ചു. സമരം കൂടുതല്‍ അക്രമാസക്തമാവുമെന്ന സൂചനയില്‍ പോലിസ് സുരക്ഷ ശക്തമാക്കി.

രാവിലെ 11.30ഓടെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ സൗത്ത് ലക്ഷ്മി എസ്‌റ്റേറ്റില്‍ മുദ്രാവാക്യം മുഴക്കുന്നതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച് സമുദ്രക്കനിയുടെ ആത്മഹത്യാശ്രമമുണ്ടായത്. ദുരിതങ്ങള്‍ അതി വൈകാരിക തമിഴ് മുദ്രാവാക്യങ്ങളായി മുഴക്കിക്കൊണ്ട് സമുദ്രക്കനി കൈയില്‍ കരുതിയിരുന്ന കാനിലെ മണ്ണെണ്ണ ദേഹത്ത് ഒഴിക്കുകയായിരുന്നു. തീക്കൊളുത്താന്‍ ഒരുങ്ങവെ ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ വെള്ളമൊഴിച്ച് സമുദ്രക്കനിയെ രക്ഷപ്പെടുത്തി.രാവിലെ ട്രേഡ് യൂനിയന്റെ റോഡ് ഉപരോധത്തിനിടെ വാഹനത്തിലെത്തിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കാണു മര്‍ദ്ദനമേറ്റത്. ഓട്ടോറിക്ഷയില്‍ മൂന്നാറിലേക്ക് വരികയായിരുന്ന രാജമല എസ്‌റ്റേറ്റിലെ മുരുകശെല്‍വി(34), നയമക്കാട് എസ്‌റ്റേറ്റ് തൊഴിലാളി എം കാളിയമ്മ(43) എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്.

മുരുകശെല്‍വിയെ മൂന്നാര്‍ കന്നിമല റോഡ് തടയുകയായിരുന്ന യൂനിയന്‍കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കാളിയമ്മയും സംഘവും മൂന്നാറിലേക്ക് വന്ന വാന്‍ യൂനിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതു ചോദ്യംചെയ്തപ്പോഴാണ് കാളിയമ്മയെ മര്‍ദ്ദിച്ചത്. ഇരുവരെയും ടാറ്റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നയമക്കാട് എസ്‌റ്റേറ്റിലെ കെ മുനിയാണ്ടി(38), ആര്‍ ബാലകൃഷ്ണന്‍(29), എം രമേശ്(40), ബി മാരിസാമി(44), എം ചെല്ലദുരൈ(39), കന്നിമല എസ്‌റ്റേറ്റിലെ ആര്‍ അയ്യാദുരൈ(51), ടി വി വിനീത്(26), ജി മുനിയാണ്ടി (33) എന്നിവരെ അറസ്റ്റ് ചെയ്തു. രാവിലെ പ്രകടനമായെത്തിയാണ് ഒരുമൈ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചത്.

ടൗണിലെ തുറന്ന ചില കടകള്‍ ഒരുമൈ പ്രവര്‍ത്തകര്‍ അടപ്പിച്ചു. മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ പൊമ്പിളൈ ഒരുമൈ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.  വൈകീട്ട് ആറുമണിയോടെയാണു ഗതാഗതം പുനസ്ഥാപിച്ചത്.സപ്തംബര്‍ ആറിനാണ് മൂന്നാര്‍ കെ.ഡി.എച്ച്.പി. കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ ട്രേഡ് യൂനിയനുകളെ തള്ളിപ്പറഞ്ഞ് തെരുവിലിറങ്ങിയത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പ്രക്ഷോഭം 13നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ അവസാനിപ്പിച്ചെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 28ന് പുനരാരംഭിക്കുകയായിരുന്നു.

സംയുക്ത ട്രേഡ് യൂനിയനും ഇതേ ദിവസം സംസ്ഥാന വ്യാപകമായി തോട്ടംതൊഴിലാളി പണിമുടക്ക് ആരംഭിച്ചു. തോട്ടം മേഖലയിലെ അംഗീകൃത യൂനിയനുകളായ എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു. സംഘടനകളാണു സമരരംഗത്തുള്ളത്. ഒരു മാസത്തോളമായി തൊഴിലാളികള്‍ ഭൂരിഭാഗവും പണിക്കിറങ്ങിയിട്ടില്ല. ഇതുമൂലം ലയങ്ങള്‍ പട്ടിണിയിലാണ്. എറണാകുളം ചര്‍ച്ചയെ തുടര്‍ന്നു ലഭിച്ച ബോണസ് മാത്രമാണ് താല്‍ക്കാലിക ആശ്വാസമായത്. ഇതിനോടകം നടത്തിയ നാല് അനുരഞ്ജന ചര്‍ച്ചകളും വിഫലമായി.
Next Story

RELATED STORIES

Share it