Flash News

മൂന്നാര്‍ പട്ടയം വിതരണം - എംപവേര്‍ഡ് ജുഡീഷ്യല്‍ അതോറിറ്റി രൂപീകരിക്കണം : ശാസ്ത്രസാഹിത്യപരിഷത്ത്



കണ്ണൂര്‍: മൂന്നാറിലെ പട്ടയം വിതരണം നടത്തുമ്പോള്‍ ഉണ്ടാവുന്ന ആശങ്ക പരിഹരിക്കാന്‍ എംപവേര്‍ഡ് ജുഡീഷ്യല്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത് 54ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ തര്‍ക്കമില്ലാത്ത മുഴുവന്‍ പട്ടയങ്ങളും ഉടന്‍ വിതരണം ചെയ്യണം. മൂന്നാറില്‍ ഇനി ഒരു കൈയേറ്റവുമില്ലാത്ത വിധത്തില്‍ സംവിധാനം ഉണ്ടാക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തെ സമ്മേളനം ശ്ലാഘിച്ചു. രാജമാണിക്യം സമിതി റിപോര്‍ട്ട്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഭൂപരിഷ്‌കരണത്തിന്റെ തുടര്‍ച്ചയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപോര്‍ട്ട്, റവന്യൂ വകുപ്പ് നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ട് എന്നിവ പരിഗണിക്കണം. ഈ മേഖലയിലെ ഡാറ്റാബാങ്ക് പുതുക്കുകയും സാറ്റലൈറ്റ് ഉള്‍പ്പെടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധന യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം ഭൂ ഉടമസ്ഥത തരംതിരിക്കാനെന്നും സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരനും ജനറല്‍ സെക്രട്ടറി ടി കെ മീരാഭായിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിര്‍ദിഷ്ട വനിതാ വകുപ്പിന്റെ രൂപീകരണവും പ്രവര്‍ത്തനവും സമഗ്ര സമീപനത്തോടെയാവണം. പഠന മാധ്യമം മാതൃഭാഷയിലാക്കുക. സ്വാശ്രയ വിദ്യാഭ്യാസരംഗം സാമൂഹിക നിയന്ത്രണിത്തിലാക്കുക. നദീജല മാനേജ്‌മെന്റിനെ ശാസ്ത്രീയവും നീതിപൂര്‍വകവുമായി പുനസ്സംഘടിപ്പിച്ച് തടയണകളുടെയും റഗുലേറ്ററുകളുടെയും നിര്‍മാണം പ്രാദേശിക വ്യതിയാനങ്ങള്‍ക്കനുസരിച്ച് സംതുലിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it