Flash News

മൂന്നാര്‍ ദൗത്യ സംഘം ഏറ്റെടുത്ത ഭൂമി വീണ്ടും കൈയേറിയത് ഒഴിപ്പിച്ചു



തൊടുപുഴ: മൂന്നാര്‍ ദൗത്യസംഘം ഏറ്റെടുത്ത സ്ഥലം വീണ്ടും കൈയേറിയയാളെ ഒഴിപ്പിച്ച് കാലാവധി കഴിഞ്ഞ കുത്തകപ്പാട്ട ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ പോലിസ് സ്‌റ്റേഷന് സമീപത്തെ 22 സെന്റ് ഭൂമിയും കെട്ടിടവുമുള്‍പ്പെടെയാണ് റവന്യൂവകുപ്പ് ഏറ്റെടുത്തത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഒഴിപ്പിക്കല്‍ അവസാനിച്ചതോടെ കെട്ടിടവും ഭൂമിയും വ്യാപാരി വീണ്ടും കൈയേറി കോട്ടേജുകളാക്കുകയായിരുന്നു.1986ല്‍ മണര്‍കാട് വീട്ടില്‍ തോമസ് മൈക്കിളിന് സര്‍ക്കാര്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായാണ് 22 സെന്റ് ഭൂമി അനുവദിച്ചത്. 2005ല്‍ മൂന്നാറിലെ  പ്രമുഖ വ്യാപാരിയായ വി വി ജോര്‍ജിന് തോമസ് മൈക്കിള്‍ ഈ സ്ഥലം കൈമാറ്റം ചെയ്തു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നല്‍കിയ ഭൂമി സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് തോമസ് മൈക്കിളിന് റവന്യൂവകുപ്പ് നോട്ടീസ് നല്‍കിയതോടെ ഇയാള്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് റവന്യൂ വകുപ്പിനെ അറിയിക്കുകയായിരുന്നു.  എന്നാല്‍, തോമസ് മൈക്കിളിന്റെ കൈയില്‍ നിന്നും പണം നല്‍കി വാങ്ങിയ ഭൂമി വിട്ടുനല്‍കില്ലെന്നു കാട്ടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹി കൂടിയായ ജോര്‍ജ് രംഗത്തെത്തിയിരുന്നു. റവന്യൂ വകുപ്പ് കഴിഞ്ഞയാഴ്ച ഇവിടെയുള്ള കെട്ടിടത്തില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പതിക്കുകയും ചെയ്തു. സ്ഥലവും കെട്ടിടവും കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയതോടെ ഇയാ ള്‍ കെട്ടിടത്തില്‍ നിന്നും ജനല്‍പ്പാളികള്‍ അടക്കമുള്ള വസ്തുക്കള്‍ കൊണ്ടുപോയി. തിങ്കളാഴ്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമെന്നറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കളെയും വ്യാപാരികളെയും സംഘടിപ്പിച്ച് നടപടികളെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും റവന്യൂ വകുപ്പ് പോലിസിന്റെ സഹായത്തോടെ കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലെ കൈയേറ്റം കണ്ടെത്തിയത്. ശനിയാഴ്ച ഇയാള്‍ക്ക് റവന്യൂവകുപ്പ് ഒഴിഞ്ഞുപോവാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സമയം അവസാനിച്ചിട്ടും കെട്ടിടം വിട്ടുനല്‍കാന്‍ വ്യാപാരി തയ്യറാവാതെ വന്നതോടെ പോലിസിന്റെ സഹായത്തോടെ കെട്ടിടവും ഭൂമിയും വകുപ്പിന്റെ നിയന്ത്രണത്തിലാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it