Flash News

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ : സിപിഎം-സിപിഐ പോരിന് വീണ്ടും വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സിപിഎം-സിപിഐ പോരിന് വീണ്ടും കളമൊരുങ്ങുന്നു. ഉന്നതതല യോഗം വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരേ റവന്യൂമന്ത്രി കത്തുനല്‍കി. കൈയേറ്റമൊഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ഉന്നതതല യോഗം വിളിക്കുന്നതില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് എതിര്‍പ്പുണ്ട്. ഇതു വ്യക്തമാക്കിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയത്. യോഗം വിളിക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്നും കൈയേറ്റക്കാരന്റെ പരാതിയില്‍ യോഗം വിളിക്കുന്നതു ശരിയല്ലെന്നുമാണ് റവന്യൂമന്ത്രിയുടെ നിലപാട്. റവന്യൂ ഉേദ്യാഗസ്ഥര്‍ നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്തുനിന്നു മാറ്റണമെന്ന് മന്ത്രി എം എം മണിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജൂലൈ ഒന്നിന് ഉന്നതതല യോഗം വിളിക്കാനായിരുന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നത്. മന്ത്രി എം എം മണിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍, ഇതിനെതിരേയുള്ള നിലപാടായിരുന്നു സിപിഐ സ്വീകരിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയും മന്ത്രിയോട് ഉന്നതതല യോഗം വിളിക്കുന്നതിനെതിരേ മുഖ്യമന്ത്രിക്ക് കത്തുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തേ തന്നെ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ റവന്യൂമന്ത്രിയും ഇടുക്കിയില്‍ നിന്നുള്ള സിപിഎം നേതാക്കളും മുഖ്യമന്ത്രിയും വ്യത്യസ്ത നിലപാടിലായിരുന്നു. ഭിന്നത രൂക്ഷമാവുകയും കൈയേറ്റമൊഴിപ്പിക്കലില്‍ കര്‍ശന നിലപാടെടുത്ത ദേവികുളം സബ് കലക്ടറെ മുഖ്യമന്ത്രിയും മന്ത്രി മണിയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നീട് കൈയേറ്റമൊഴിപ്പിക്കലില്‍ തീരുമാനമെടുക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കുകയും ചെയ്തു. കൂടാതെ, മാധ്യമപ്രവര്‍ത്തകര്‍, മതനേതാക്കള്‍ തുടങ്ങിയവരുടെ യോഗവും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് വിളിച്ചു ചേര്‍ത്തു. ഇതിനിടെയാണ് ചെറുകിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കില്ലെന്ന മുന്‍ തീരുമാനം സബ് കലക്ടര്‍ ലംഘിക്കുന്നുവെന്ന പരാതിയുമായി ചിലര്‍ രംഗത്തെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം വിളിക്കാനുള്ള നിര്‍ദേശം ഉണ്ടായത്.
Next Story

RELATED STORIES

Share it