മൂന്നാര്‍ കൈയേറ്റം: സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

മൂന്നാര്‍ കൈയേറ്റം: സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
X
supreme court india

  • ഹരജി ജൂലൈയില്‍ പരിഗണിക്കും


ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വിവാദം സൃഷ്ടിച്ച മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ടുകള്‍ ഒഴിപ്പിച്ചത് നിയമവിരുദ്ധമാണെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിന്റെ ഹരജി.
റിസോര്‍ട്ടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട സര്‍ക്കാര്‍, വനസംരക്ഷണ, ഭൂസംരക്ഷണ നിയമപ്രകാരമാണ് റിസോര്‍ട്ടുകള്‍ ഏറ്റെടുത്തതെന്നും കോടതിയെ അറിയിച്ചു. ഹരജി ജൂലൈയില്‍ പരിഗണിക്കും. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രത്യേക ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നു കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി പ്രഖ്യാപിച്ചത്. പൊളിച്ചുമാറ്റിയ മൂന്ന് റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയും ചെയ്തു.
പള്ളിവാസല്‍ വില്ലേജിലെ മൂന്നാര്‍ വുഡ്‌സ്, ചിന്നക്കനാലിലെ ക്ലൗഡ് നയന്‍, ആനവിരട്ടി വില്ലേജിലെ അബാദ് റിസോര്‍ട്‌സ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂര്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനപ്പരിശോധനാ ഹരജി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, ഏറ്റെടുത്ത ഭൂമി ഒരുമാസത്തിനകം വിട്ടുകൊടുക്കാനും മൂന്നാര്‍ വുഡ്‌സിന് 15,000 രൂപ, ക്ലൗഡ് നയന് 10 ലക്ഷം രൂപ എന്നിങ്ങനെ നഷ്ടപരിഹാരം നല്‍കാനുമാണ് ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. സര്‍ക്കാരിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി. പൊതുതാല്‍പര്യവും പരിസ്ഥിതിസംരക്ഷണവും പരിഗണിച്ചാണ് മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് 2007ല്‍ കെ സുരേഷ്‌കുമാര്‍, രാജുനാരായണസ്വാമി, ഋഷിരാജ്‌സിങ് എന്നിവരടങ്ങുന്ന ദൗത്യസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.
മൂന്നാര്‍ വുഡ്‌സിന്റെ 2.84 ഏക്കര്‍ ഭൂമിയിലെ റിസോര്‍ട്ടാണ് കലക്ടറുടെ ഉത്തരവനുസരിച്ച് പൊളിച്ചത്. ക്ലൗഡ് നയന്റെ മൂന്നര ഏക്കര്‍ സ്ഥലവും കെട്ടിടവും ഏറ്റെടുത്തു. പിന്നീട് മുന്നണിയില്‍നിന്നു തന്നെ എതിര്‍പ്പുയര്‍ന്നതോടെ ദൗത്യത്തില്‍നിന്ന് വിഎസ് പിന്‍വാങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it