Flash News

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ പാര്‍ട്ടി നിലപാടിനെ ധിക്കരിച്ചു ; എ കെ മണിയോട് വിശദീകരണം ആവശ്യപ്പെടും: കെപിസിസി



തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരവിഷയത്തിലും കൈയേറ്റം ഒഴിപ്പിക്കലിലും പാര്‍ട്ടി നിലപാടിനെ ധിക്കരിച്ച കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണിയോട് വിശദീകരണം ആവശ്യപ്പെടാന്‍ കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിനെതിരേ നിലകൊണ്ടതിനാണ് വിശദീകരണം ആവശ്യപ്പെടുന്നത്.  സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്ത കെഎസ്‌യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നേമത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ത്ത പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തത് പിന്നീട് പിന്‍വലിച്ചെന്ന വാര്‍ത്ത പ്രതിഷേധാര്‍ഹമാണ്. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജില്‍ ആദ്യം പ്രവേശിപ്പിക്കാതിരുന്നതു സര്‍ക്കാര്‍ ഇടപെടല്‍കൊണ്ടാണെന്നും എം എം ഹസന്‍ ആരോപിച്ചു. യമനില്‍ തടവിലായ ഫാ. ടോം ഉഴുന്നേലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും സ്വാശ്രയ കോളജുകളുടെ വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. റിപബ്ലിക് ചാനലില്‍ ശശി തരൂര്‍ എംപി—ക്കെതിരേ വന്ന വാര്‍ത്ത ഗൂഢാലോചനയാണെന്നു യോഗം വിലയിരുത്തി. ചാനലിന്റെ ഉടമകളിലൊരാളായ രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലവുമായി ബന്ധപ്പെട്ട താല്‍പര്യങ്ങളാണ് ആരോപണത്തിന്റെ പിന്നില്‍.  സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും രാഷ്ട്രീയപ്രതിയോഗികളെ ഉന്‍മൂലനം ചെയ്യുന്ന പ്രതികാര രാഷ്ട്രീയവുംമൂലം കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ന്നിരിക്കുകയാണെന്നും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സിപിഎമ്മും ബിജെപിയും തുല്യ ഉത്തരവാദികളാണെന്നും വിശാല എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. മനുഷ്യജീവന് തെല്ലും വിലകല്‍പ്പിക്കാതെ സിപിഎമ്മും ബിജെപിയും നടത്തുന്ന കൊലപാതകങ്ങളെ കെപിസിസി അപലപിച്ചു. കൊലക്കേസ് പ്രതികളെ ന്യായീകരിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ നടത്തുന്ന നീതിയാത്ര കേരളത്തിന് അപമാനകരമാണെന്നും കെപിസിസി പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it