മൂന്നാര്‍ : കലക്ടറെ അതൃപ്തി അറിയിച്ചു ; ജനദ്രോഹ നടപടിക്ക് കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി



കോട്ടയം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരിലുള്ള ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ നടപടികള്‍ ജനമെന്താണെന്ന് മനസ്സിലാക്കാത്തവരുടെ തെറ്റായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരള സ്‌റ്റേറ്റ് ഹെഡ്‌ലോഡ് & ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. കൈയേറ്റക്കാര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. എന്നാല്‍, വര്‍ഷങ്ങളായി താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. ജനങ്ങളെ ദ്രോഹിക്കുന്ന ഒരു നടപടിക്കും കൂട്ടുനില്‍ക്കില്ല. ഇക്കാര്യം നേരത്തേ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്‍മാരും പങ്കെടുത്ത യോഗത്തില്‍ വ്യക്തമാക്കിയതാണ്. ഏപ്രില്‍ 30ന് മുമ്പ് അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വ്യക്തമാക്കിയതുമാണ്. സര്‍ക്കാര്‍ നല്‍കിയ പട്ടയത്തിലെ സര്‍വേ നമ്പറില്‍ വന്ന തെറ്റിന്റെ പേരില്‍ അവരെ കൈയേറ്റക്കാരായി കാണാനാവില്ല. തെറ്റ് തിരുത്തിക്കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്. അതിന് എങ്ങനെ ജനം ഉത്തരവാദികളാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കുരിശ് തകര്‍ത്ത സംഭവത്തില്‍ ജില്ലാ ഭരണകൂടത്തെ  അതൃപ്തി അറിയിച്ചിട്ടുണ്ട്. നല്ലൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുകയും പ്രതീക്ഷയോടെ കൈകാര്യം ചെയ്യുന്നതുമാണ് കുരിശ്. അതിനു മേല്‍ കൈവയ്ക്കുന്നതിനു മുമ്പ് സര്‍ക്കാരുമായി ആലോചിക്കണമായിരുന്നു. സര്‍ക്കാരുണ്ടെന്ന കാര്യം ജില്ലാ ഭരണകൂടം ഓര്‍ക്കണം. ആരോട് ചോദിച്ചിട്ടാണ് ഇതു ചെയ്തതെന്ന് കലക്ടറോട് വിളിച്ചുചോദിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരാണെന്ന അനാവശ്യ വികാരം സൃഷ്ടിക്കാനാണ് ശ്രമം. മൂന്നാറില്‍ മഹാ കൈയേറ്റമാണെന്നു പറഞ്ഞ് ഭീകരമായ ഒഴിപ്പിക്കലാണ് നടക്കുന്നത്. അതിന്റെ പേരില്‍ 144 പ്രഖ്യാപിക്കുന്നു. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തു.  ക്രൈസ്തവ സഭയുമായി ആലോചിച്ചശേഷമാണ് നടപടി സ്വീകരിക്കേണ്ടിയിരുന്നത്. അവരോട് സംസാരിച്ചിരുന്നുവെങ്കില്‍ അവര്‍ തന്നെ മാറ്റിയേനെ. തെറ്റായ നടപടികളോട് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. ബാക്കി കാര്യങ്ങള്‍ ഇന്നു വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it