മൂന്നാമത് ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് ഡല്‍ഹി വേദിയാവും

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: മൂന്നാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി (ഐഎഎഫ്എസ്) ഈ മാസം ഡല്‍ഹിയില്‍ നടക്കും. 26 മുതല്‍ നടക്കുന്ന അഞ്ചുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാല്‍പതോളം ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഭരണാധികാരികള്‍ രാജ്യത്തെത്തും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി, സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി തുടങ്ങിയവര്‍ ഉച്ചകോടിക്കെത്തും.

54 ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ അന്തര്‍ദേശീയ നയതന്ത്ര പരിപാടിയായിരിക്കും ഉച്ചകോടി. സമ്മേളനത്തില്‍ യുഎഇയും സിംഗപ്പൂരും പ്രത്യേക അതിഥികളായി പങ്കെടുക്കും.

ഇന്ത്യ- ആഫ്രിക്ക പരസ്പര വ്യാപാരം ശക്തിപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട. കൂടാതെ സ്‌കോളര്‍ഷിപ്പുകളിലൂടെയും വിഭവ കൈമാറ്റങ്ങളിലൂടെയുമുള്ള പരസ്പര സഹകരണം, താരതമ്യേന വിലകുറഞ്ഞ ഇന്ത്യയുടെ സാങ്കേതികവിദ്യ ആഫ്രിക്കന്‍ രാജ്യങ്ങളുമായി പങ്കുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളും ഉച്ചകോടി ചര്‍ച്ചചെയ്യും. ഉച്ചകോടിക്ക് ഇന്ത്യ വേദിയാവുന്നതില്‍ അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ട്വിറ്ററില്‍ കുറിച്ചു. ആഫ്രിക്കയുമായി ഇന്ത്യക്കുള്ള ബന്ധം ചരിത്രപരമാണെന്നു പറഞ്ഞ മോദി, ആഫ്രിക്കയിലെ പ്രധാന നിക്ഷേപകരാണ് ഇന്ത്യയെന്നും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരസ്പരമുള്ള വ്യാപാരത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം 20 മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 27 ലക്ഷത്തോളം ഇന്ത്യക്കാര്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ടെന്നാണു കണക്ക്.ഇതിനു മുമ്പ് 2008ലും 2011ലുമാണ് യഥാക്രമം ന്യൂഡല്‍ഹിയിലും എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബബയിലും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി സമ്മേളിച്ചത്. എന്നാല്‍ ഇതില്‍ രണ്ടിലും ഇരുപതില്‍ താഴെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ മാത്രമാണു പങ്കെടുത്തിരുന്നത്.
Next Story

RELATED STORIES

Share it