Flash News

മൂന്നാമങ്കത്തിലും സമനിലക്കെണി

മൂന്നാമങ്കത്തിലും സമനിലക്കെണി
X


എം എം സലാം

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗോള്‍വല ചലിപ്പിക്കാനായെങ്കിലും സമനിലപ്പൂട്ട് പൊളിക്കാനാവാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ആക്രമണ-പ്രത്യാക്രമണങ്ങള്‍ കണ്ട കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം നാട്ടങ്കത്തിലും തുടര്‍ച്ചയായ മൂന്നാം സമനിലയോടെ ആതിഥേയര്‍ കളം വിട്ടു. ഒരു ഗോള്‍വീതമടിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും സമനിലയില്‍ പിരിഞ്ഞത്. 14ാം മിനിറ്റില്‍ മാര്‍കോസ് സിഫ്‌നിയോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും 77ാം മിനിറ്റില്‍ ബല്‍വന്ത് സിങിലൂടെ മുംബൈ സമനില പിടിച്ചെടുക്കുകയായിരുന്നു.  മൂന്നു മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാംസ്ഥാനത്തും നാല് മല്‍സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി മുംബൈ ആറാംസ്ഥാനത്തുമാണ്.ശ്രദ്ധേയമായൊരു മാറ്റമായിരുന്നു ഇന്നലെ ബ്ലാസ്‌റ്റേഴ്‌സ് പരീക്ഷിച്ചത്.   ഇയാന്‍ഹ്യൂമിനെ റിസര്‍വ് ബഞ്ചിലിരുത്തി നെതര്‍ലന്‍ഡില്‍ നിന്നുള്ള സിഫ്‌നിയോസിനെ മുന്നേറ്റ നിരയില്‍ ഉള്‍പ്പെടുത്തി     4-1-4-1 െൈശലിയാണ് കോച്ച് സ്വീകരിച്ചത്. അതേ സമയം 4-2-3-1 ശൈലിയിലാണ് മുംബൈ ബൂട്ടണിഞ്ഞത്.

ആവേശം നിറച്ച്് ബ്ലാസ്‌റ്റേഴ്‌സ്
മുന്‍ മല്‍സരങ്ങളില്‍ നിന്നും വിഭിന്നമായി ആദ്യ മിനിറ്റ് മുതല്‍ക്കുതന്നെ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മുന്നേറ്റങ്ങളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി തുടങ്ങിയത്. നാലാം മിനിറ്റില്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി കോര്‍ണര്‍. പക്ഷേ മുംബൈ വല ലക്ഷ്യമാക്കിയുള്ള കുറേജ് പെക്യൂസന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പാഞ്ഞു. ആദ്യ 10 മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി മൂന്ന് കോര്‍ണറുകളും രണ്ടു ഫ്രീകിക്കുകളുമാണ് ലഭിച്ചത്.

 കാത്തിരുന്ന ആ ഗോളെത്തി
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ആവേശത്തോടെ അലറി വിളിച്ചു നിരാശരായ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയുടെ അത്യധ്വാനത്തിന്റെ പ്രതിഫലം കൂടിയായിരുന്നു അത്. 14ാം മിനിറ്റില്‍ മുംബൈ പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത് വലതു വിങ്ങില്‍ നിന്നും മലയാളി താരം റിനോ ആന്റോ പന്ത് സിഫ്‌നിയോസിന് ഉയര്‍ത്തി നല്‍കുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. ബോക്‌സിനുള്ളില്‍ ലഭിച്ച പന്ത് സിഫ്‌നിയോസ് വലയിലേക്ക് കോരിയിട്ടപ്പോള്‍ മുംബൈ ഗോള്‍കീപ്പര്‍ അര്‍മീന്ദര്‍സിങിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ(1-0). സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ അങ്ങനെ നെതര്‍ലന്‍ഡ് താരം മാര്‍ക്കോസ് ജോഹന്നാസ് സിഫ്‌നിയോസിന് സ്വന്തം.

 മുംബൈ ഉണര്‍ന്ന രണ്ടാം പകുതി
പരിക്കേറ്റ മലയാളി താരം റിനോ ആന്റോക്കു പകരമായി രണ്ടാം പകുതിയില്‍ പ്രീതം കുമാര്‍സിങിനെ കളത്തിലിറക്കി. ആദ്യ പകുതിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ അപ്രമാദിത്യത്തിന് പകരം ഉണര്‍ന്നു കളിച്ച മുംബൈയെയായിരുന്നു രണ്ടാം പകുതിയില്‍ കണ്ടത്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് മറുപടിയായി കൃത്യമായ പ്രത്യാക്രമണങ്ങളും മുംബൈ നടത്തി.  45ാം മിനിറ്റില്‍ സി കെ വിനീതിന് വീണ്ടും ഗോളവസരം. വലതു മൂലയില്‍ നിന്നും ലഭിച്ച ഉഗ്രന്‍ ക്രോസില്‍ വിനീതിന്റെ ഷോട്ട് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു.   70ാം മിനിറ്റില്‍ ഗോള്‍സ്‌കോറര്‍ സിഫ്‌നിയാസിനെ പിന്‍വലിച്ച് ഇയാന്‍ഹ്യൂമിനെ കളത്തിലിറക്കി.  എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസത്തിന് അധികസമയത്തെ ആയുസ്സുണ്ടായില്ല. 77ാം മിനിറ്റില്‍ മുംബൈതാരങ്ങളുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ വലതുവിങ്ങില്‍ നിന്നും സാന്റോസിന്റെ മികച്ച ക്രോസ്. പന്ത് പിടിച്ചെടുത്ത ബല്‍വന്ത്‌സിങിന്റെ ഉഗ്രന്‍ഫിനിഷിങ്ങില്‍ റച്ചൂബ്ക കാഴ്ചക്കാരനായി(1-1). സമനില ഗോളിനായുള്ള ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങള്‍ക്കിടെ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച മലയാളിതാരം സി കെ വിനീത് ചുവപ്പുകാര്‍ഡ്  കണ്ട് കളത്തിന് പുറത്തേക്ക്. 10 പേരായി ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മിനിറ്റുകളിലെ പോരാട്ടങ്ങളും ലക്ഷ്യം കാണാതിരുന്നതോടെ റഫറിയുടെ ഫൈനല്‍ വിസിലും മുഴങ്ങി.
Next Story

RELATED STORIES

Share it