മൂന്നാം ദിവസവും യാത്രയില്‍ നാടകീയത

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ മൂന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്കുള്ള യാത്രയിലും നാടകീയത ഒരുക്കി പോലിസ്. എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കഴിഞ്ഞ രണ്ടു ദിവസമായി ബിഷപ് താമസിക്കുന്നത്. ഇവിടെ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വലയത്തിലാണ് ബിഷപ്. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനായി ഹാജരാവുന്നതിനു ബിഷപ്പിന് തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്‍ ഓഫിസിലേക്ക് പോവാന്‍ രണ്ടു കാറുകളാണ് ഒരുക്കിയിരുന്നത്. രാവിലെ 10 മണിയോടെ ഹോട്ടലിനു മുന്നിലെ റോഡിലൂടെയുള്ള ഗതാഗതം പോലിസ് നിയന്ത്രിക്കുകയും ചെയ്തു. ബിഷപ് രണ്ടാം ദിവസം ചോദ്യം ചെയ്യലിനായി പോയ കാര്‍ ഹോട്ടലിന്റെ പ്രധാന കവാടത്തില്‍ തയ്യാറാക്കി നിര്‍ത്തി. ബിഷപ്പിനു സുരക്ഷയൊരുക്കാനെന്ന നിലയില്‍ പോലിസ് സംഘവും ഇവിടെ നിലയുറപ്പിച്ചു. കാറില്‍ കയറാന്‍ ബിഷപ് ഹോട്ടലില്‍ നിന്ന് ഇറങ്ങിവരുന്നതും കാത്തുനിന്നവരെ കബളിപ്പിച്ചുകൊണ്ട് 10.30ഓടെ ഹോട്ടലിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ നിന്നു ബിഷപ് ആദ്യദിവസം വന്ന ചെറിയ കാറില്‍ പോലിസ് അകമ്പടിയോടെ തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്‍ ഓഫിസിലേക്ക് പോവുകയായിരുന്നു. 10.40ഓടെ ബിഷപ് ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തി. ഓഫിസിന്റെ പ്രധാന കവാടത്തിലൂടെ തന്നെയായിരുന്നു ബിഷപ്പിനെയും വഹിച്ചുകൊണ്ടുള്ള കാര്‍ ഉള്ളിലേക്ക് കയറിപ്പോയത്.

Next Story

RELATED STORIES

Share it