മൂന്നാംതലമുറ സ്ത്രീകള്‍ക്കും മാതൃത്വം സ്വപ്‌നം മാത്രം

ഭോപാല്‍: വിഷവാതകദുരന്തം നടന്ന് 33 വര്‍ഷം പിന്നിടുമ്പോഴും അതിന്റെ വേട്ടയാടലില്‍ നിന്ന് മുക്തരാവാതെ ഭോപാല്‍ ജനത. വന്ധ്യതയാണ് ഭോപാല്‍ ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ദുരന്തം നടന്ന് മൂന്നു തലമുറയ്ക്കു ശേഷമുള്ള സ്ത്രീകളില്‍ പോലും പലര്‍ക്കും മാതൃത്വമെന്നത് ഇപ്പോഴും സ്വപ്‌നം മാത്രമാണ്. പലര്‍ക്കും തുടര്‍ച്ചയായി ഗര്‍ഭഛിദ്രം സംഭവിക്കുന്നുമുണ്ട്. വാതകദുരന്തത്തിനു ശേഷം ഭോപാലില്‍ പുരുഷന്‍മാര്‍ക്കും വന്ധ്യതാപ്രശ്‌നങ്ങളുണ്ടായെന്ന് ഇരകളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഭോപാല്‍ ഗ്യാസ് പീഡിത് മഹിള ഉദ്യോഗ് സംഘതന്‍ കണ്‍വീനര്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. യൂനിയന്‍ കാര്‍ബൈഡില്‍ നിന്ന് ചോര്‍ന്ന വാതകത്തിന്റെ ആഘാതം ഇപ്പോഴും ഇവിടെയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിനുശേഷം പിറന്ന പല കുട്ടികള്‍ക്കും സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പലരും ഊമയും ബധിരരുമായിരുന്നു. 1984ല്‍ ഡിസംബര്‍ 2ന് രാത്രിയാണ് യൂനിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്ന് മീഥൈല്‍ ഐസോസയനേറ്റ് വാതകം ചോര്‍ന്നത്. മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് വാതകം അന്തരീക്ഷത്തിലേ—ക്ക് വ്യാപിക്കുകയായിരുന്നു. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് വാതകം ഭോപാല്‍ നഗരത്തിലുടനീളം വ്യാപിച്ചതോടെ പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ നിത്യരോഗികളാവുകയും ചെയ്തു. അപകടം ഉണ്ടായ ഉടന്‍ 2,259 പേര്‍ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ ഇത് 3,787 ആയി സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്കകം 8,000ലധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. ദുരന്തത്തിന്റെ പരിണത ഫലങ്ങള്‍ അഞ്ചുലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചെന്നാണ് കണക്കുകള്‍. അവശേഷിക്കുന്ന ജനങ്ങള്‍ മാറാരോഗത്തിന് അടിമകളാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു. ഇപ്പോഴും അതിന്റെ പരിണത ഫലങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുകയാണ്.
Next Story

RELATED STORIES

Share it